സോഷ്യൽ മീഡിയ വീഡിയോകൾ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതികാരം; ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം കാറിൽ ഉപേക്ഷിച്ചു; വിദേശത്തേക്ക് കടന്ന പ്രതി കുടുങ്ങിയത് ഇങ്ങനെ
ചണ്ഡീഗഢ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കഞ്ചൻ കുമാരിയെ കൊലപ്പെടുത്തിയ ശേഷം വിദേശത്തേക്ക് കടന്ന മുഖ്യപ്രതിയെ പൊലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. അമൃത്പാൽ സിംഗ് മെഹ്‌റോൺ (30) പിടിയിൽ. മിഡിൽ ഈസ്റ്റിലെ ഒരു രാജ്യത്തുനിന്നും നാടുകടത്തിയ ഇയാളെ പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗവും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.
പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് എക്സിലൂടെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. 2025 ജൂണിലായിരുന്നു പഞ്ചാബിനെ നടുക്കിയ കൊലപാതകം നടന്നത്. ഇൻസ്റ്റാഗ്രാമിൽ 'കമൽ കൗർ ഭാഭി' എന്ന പേരിൽ പ്രശസ്തയായ കഞ്ചൻ കുമാരിയെ ബതിൻഡയിലെ ആദേശ് ആശുപത്രിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. മോറ സ്വദേശിയായ അമൃത്പാൽ സിംഗും മൂന്ന് കൂട്ടാളികളും ചേർന്ന് കഞ്ചനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കൃത്യത്തിന് ശേഷം യുഎഇയിലേക്ക് കടന്ന അമൃത്പാലിനെതിരെ ബതിൻഡ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് പൊലീസിന്റെ ഓവർസീസ് ഫുജിറ്റീവ് ട്രാക്കിംഗ് ആൻഡ് എക്‌സ്ട്രാഡിഷൻ സെല്ലിന്റെ സഹായത്തോടെ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ ജസ്പ്രീത് സിംഗ്, നിമ്രത്ജിത് സിംഗ് എന്നിവർ കഞ്ചൻ കുമാരിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചിരുന്നു. സഭ്യമല്ലാത്തതും സിഖ് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതികളുടെ മൊഴി.
കൊലപാതകത്തിന് പിന്നാലെ അമൃത്പാൽ സിംഗ് പുറത്തുവിട്ട വീഡിയോയിൽ, തന്റെ അനുയായികളാണ് കൊലപാതകം നടത്തിയതെന്ന് അവകാശപ്പെടുകയും മോശം ഉള്ളടക്കം പ്രചരിപ്പിക്കുന്ന മറ്റ് ഇൻഫ്ലുവൻസർമാർക്ക് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മറ്റ് രണ്ട് ഇൻഫ്ലുവൻസർമാരെ ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്.
"സംഘടിത കുറ്റകൃത്യങ്ങളോടും രാജ്യവിരുദ്ധ ശക്തികളോടും പഞ്ചാബ് പൊലീസ് വിട്ടുവീഴ്ച ചെയ്യില്ല. വിദേശത്ത് ഒളിവിൽ കഴിയുന്ന കുറ്റവാളികളെ പിടികൂടാൻ ഞങ്ങൾ സജ്ജമാണ്." - ഗൗരവ് യാദവ് (ഡിജിപി, പഞ്ചാബ്). പ്രതിയെ ബതിൻഡയിലേക്ക് കൊണ്ടുപോയി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പേരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.