വിമാനത്താവളത്തില്‍ കാഴ്ചപരിധി വെറും മൂന്ന് കിലോമീറ്റര്‍ മാത്രമായിരുന്നു; ലാന്‍ഡിങ്ങിനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവവും തിരിച്ചടിയായി; ബാരാമതി വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Update: 2026-02-28 16:09 GMT

ബാരാമതി: മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ബാരാമതി വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളും അപര്യാപ്തമായ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോര്‍ട്ട്. അപകടസമയത്ത് വിമാനത്താവളത്തില്‍ കാഴ്ചപരിധി (Visibility) വെറും 3 കിലോമീറ്റര്‍ മാത്രമായിരുന്നു. കുറഞ്ഞ കാഴ്ചപരിധിയും ലാന്‍ഡിങ്ങിനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവവും അപകടത്തിന് കാരണമായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ പരിഭ്രാന്തരായി സംസാരിക്കുന്നത് കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ (സി.വി.ആര്‍) പതിഞ്ഞിട്ടുണ്ട്. അപകടം നടന്ന് ഒരു മാസത്തിന് ശേഷം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.

തീപിടിത്തത്തില്‍ വോയ്സ് റെക്കോര്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി നിര്‍മാതാക്കളായ ഹണിവെല്ലിന്റെയും അമേരിക്കയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെയും (എന്‍.ടി.എസ്.ബി) സഹായം തേടിയിട്ടുണ്ട്. വി.ഐ.പി, സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ അധികമായി എത്തുന്ന ഇത്തരം വിമാനത്താവളങ്ങളില്‍ ലാന്‍ഡിങ് എയ്ഡുകളും മെറ്റീരിയോളജിക്കല്‍ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് ഡി.ജി.സി.എക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2026 ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അജിത് പവാര്‍ സഞ്ചരിച്ചിരുന്ന ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അജിത് പവാറിനെ കൂടാതെ രണ്ട് പൈലറ്റുമാരും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. രണ്ടാം തവണയും ലാന്‍ഡിങ് ശ്രമത്തിനിടെയാണ് വിമാനം തകര്‍ന്ന് തീപിടിച്ചത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്കായി മാറ്റിയതായും എ.എ.ഐ.ബി അറിയിച്ചു.

Similar News