ഷൊർണൂരിൽ കുളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ്; സ്ഥലം ഉടമ പൊലീസിനെ വിവരം അറിയിച്ചത് വൈദ്യുതിക്കെണി മാറ്റിയ ശേഷം; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം; പ്രതി അറസ്റ്റിൽ

Update: 2025-01-05 11:49 GMT

പാലക്കാട്: ഷൊർണൂരിൽ കുളത്തിൽ വീണ് മരിച്ച വയോധികന്റെ മരണ കാരണം ഷോക്കേറ്റതെന്ന് തെളിഞ്ഞതിന് പിന്നാലെ സ്ഥലം ഉടമ അറസ്റ്റിൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സംഭവത്തിൽ വരിത്തിരിവായ വിവരങ്ങൾ പുറത്ത് വന്നത്. ഷൊർണൂർ പരുത്തിപ്രയിലാണ് സംഭവം. പരുത്തിപ്ര വെളുത്താങ്ങലിൽ കുഞ്ഞനെ ആണ് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ഥലം ഉടമ പരുത്തിപ്ര കോഴിപ്പാറ പുഴയ്ക്കൽ വീട്ടിൽ ശങ്കരനാരായണനെ (74) പൊലീസ് അറസ്റ്റ് ചെയ്തു. പന്നിക്കു വച്ച കെണിയിൽ നിന്നാണു ഷോക്കേറ്റതെന്നു പ്രതി പൊലീസിനോട് മൊഴി നൽകിയത്.

നവംബർ 28ന് പുലർച്ചെ 5 മണിയോടെ കൃഷിയിടത്തിലെത്തിയ കുഞ്ഞൻ ഷോക്കേറ്റ് കുളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കേസിലെ പ്രതിയായ ശങ്കരനാരായണന്റെ വീട്ടിലെ ജോലിക്കാരനാണ് കുഞ്ഞൻ. കൃഷിയിടത്തിൽ പന്നിശല്യം വർധിച്ചതിനെ തുടർന്നു വീട്ടിൽ നിന്നു കുഴിയെടുത്ത് സമീപത്തെ കുളം, കൃഷിയിടം എന്നിവയുടെ സമീപത്തു സ്ഥാപിച്ച ഇരുമ്പു കമ്പികളിലേക്കു വൈദ്യുതി കടത്തിവിട്ടിരുന്നു. കുഞ്ഞൻ മീൻ വളർത്തുന്ന കുളത്തിന് സമീപത്തേക്ക് എത്തിയപ്പോൾ കമ്പിയിൽ നിന്നു ഷോക്കേൽക്കുകയായിരുന്നു.

പിറ്റേന്ന് രാവിലെ ശങ്കരനാരായണൻ വന്നപ്പോഴാണ് കുഞ്ഞൻ കുളത്തിൽ മരിച്ചു കിടക്കുന്നതു കണ്ടത്. വൈദ്യുതി കമ്പികളിൽ നിന്നും ഷോക്കേറ്റാണ് കുഞ്ഞൻ മരിച്ചതെന്ന് മനസ്സിലാക്കിയ ശങ്കരനാരായണൻ ഉടൻ തന്നെ വൈദ്യുതിക്കെണി അവിടെ നിന്നു മാറ്റി. ശേഷം ശങ്കരനാരായണൻ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുഞ്ഞന്റെ കുടുംബം രംഗത്തെത്തി. പിന്നീട് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും മരണ കാരണം ഷോക്കേറ്റാണ് ഉണ്ടായതെന്ന് പുറത്ത് വന്നതോടെ പൊലീസ് സ്ഥലമുടമയെ ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ, എസ്ഐ എം. മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News