'ഏഴു ലക്ഷം രൂപ ധൂര്‍ത്തടിച്ചെന്ന് ദിവ്യശ്രീ കൗണ്‍സിലിങ്ങില്‍ പറഞ്ഞു; വിവാഹമോചനത്തില്‍ ഉറച്ചു നിന്നത് പ്രകോപനമായി; വീട്ടിലെത്തിയത് ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ'; കരിവെള്ളൂര്‍ കൊലപാതകത്തില്‍ പ്രതിയായ ഭര്‍ത്താവിന്റെ മൊഴി പുറത്ത്

വിവാഹമോചനത്തില്‍ ദിവ്യശ്രീ ഉറച്ചു നിന്നത് പ്രകോപനമായെന്ന് പ്രതി

Update: 2024-11-22 06:23 GMT

കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫിസറും കരിവെള്ളൂര്‍ പലിയേരിക്കൊവ്വല്‍ സ്വദേശിനിയുമായ പി.ദിവ്യശ്രീയെ (35) കൊലപ്പെടുത്തിയത് ഗാര്‍ഹിക പീഡന വിവരങ്ങള്‍ കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിന്റെ പകയിലെന്ന് ഭര്‍ത്താവ് കെ.രാജേഷിന്റെ മൊഴി. ചോദ്യം ചെയ്യലിലാണ് രാജേഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഏഴു ലക്ഷം രൂപ ധൂര്‍ത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതും രാജേഷിനെ പ്രകോപിച്ചു.

ദിവ്യശ്രീ വിവാഹമോചനത്തില്‍ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭര്‍ത്താവ് രാജേഷിന്റെ മൊഴിയില്‍ പറയുന്നു. ഏഴ് ലക്ഷം രൂപയും, സ്വര്‍ണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിയുടെ മൊഴി. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്നും രാജേഷ് വെളിപ്പെടുത്തി.

പ്രതി രാജേഷ് പയ്യന്നൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പ്രതി രാജേഷിനെ ഇന്നലെ കണ്ണൂര്‍ പുതിയതെരുവ് ബാറില്‍ നിന്നാണ് പിടികൂടിയത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ദിവ്യശ്രീ.

ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നു.

ഇന്നലെ കുടുംബ കോടതിയില്‍ സിറ്റിങ് ഉണ്ടായിരുന്നു. സിറ്റിങ്ങിലാണ് രാജേഷ് ഉപദ്രവിക്കുന്നതായി ദിവ്യശ്രീ വെളിപ്പെടുത്തിയത്. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടര്‍ന്ന് വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് കെ.വാസുവിനും വെട്ടേറ്റു. നിലവിളിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നില്‍ കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവ്യശ്രീയെ രക്ഷിക്കാനായില്ല.

സംഭവശേഷം കടന്നുകളഞ്ഞ ഭര്‍ത്താവ് കൊഴുമ്മല്‍ സ്വദേശി കെ.രാജേഷിനെ പൊലീസ് പിന്നീടു അടുത്തുള്ള ബാറില്‍നിന്നുമാണ് പിടികൂടിയത്. രാജേഷ് മുന്‍പ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവ്യശ്രീയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

Tags:    

Similar News