സുരക്ഷാ ജീവനക്കാരനെ 'നൈസായി' പറഞ്ഞു പറ്റിച്ചു; പൊളിച്ചുവിൽക്കാൻ ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് മൂന്നംഗ സംഘം കാറുമായി കടന്നു; കോഴിക്കോട് റെയിൽവേ ക്വാർട്ടേഴ്സിൽ നടന്നത് സിനിമയെ വെല്ലുന്ന മോഷണം; പ്രതികൾക്കായി വലവിരിച്ച് പോലീസ്

Update: 2026-02-10 04:56 GMT

കോഴിക്കോട്: കോഴിക്കോട് റെയിൽവേ ക്വാർട്ടേഴ്സിൽ നടന്നത് സിനിമയെ വെല്ലുന്ന മോഷണം. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർ.പി.എഫ്.) മുൻ ഇൻസ്പെക്ടറുടെ കാറാണ് മൂന്നംഗസംഘം മോഷ്ടിച്ചത്. ജനുവരി 20-ന് രാത്രി 9.30-ഓടെയാണ് ക്വാർട്ടേഴ്സിനു സമീപം നിർത്തിയിട്ടിരുന്ന ബിഹാർ പട്‌ന സ്വദേശി ഉപേന്ദ്രകുമാറിന്റെ കാറാണ് നഷ്ടപ്പെട്ടത്. സുരക്ഷാ ജീവനക്കാരനെ കബളിപ്പിച്ചാണ് മൂന്നംഗ സംഘം കാറുമായി കടന്നത്. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആർ.പി.എഫ്. 139 എ നമ്പർ ക്വാർട്ടേഴ്സിനും റെയിൽവേ സ്റ്റേഷനിലെ സ്വകാര്യ പാർക്കിങ് മേഖലയ്ക്കും സമീപത്തായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. പഴയ വാഹനമായതിനാൽ വിൽപനയ്ക്കായി ഇൻസ്പെക്ടറുടെ നിർദേശപ്രകാരം ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു. നിരവധി പേർ കാർ കാണാനും ഓടിച്ചുനോക്കാനും എത്തിയിരുന്നതിനാൽ താക്കോൽ കാറിനുള്ളിൽത്തന്നെ വെച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇവിടെനിന്ന് യുവാക്കളായ മൂന്നംഗസംഘം കാർ പുറത്തേക്ക്‌ കൊണ്ടുപോകുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ തടഞ്ഞിരുന്നു.

കാർ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോൾ ഇത് ആർ.പി.എഫ്. ഇൻസ്പെക്ടറുടെ കാറാണെന്നും പഴയതായതുകൊണ്ട് വിൽപ്പനയ്കോ അതല്ലെങ്കിൽ പൊളിച്ചുവിൽക്കാനോവേണ്ടി തങ്ങളെ ഏൽപ്പിച്ചതാണെന്നും കാർ ഓടിച്ച യുവാവ് പറയുകയുംെചയ്തു. ഇത് വിശ്വസിച്ച സുരക്ഷാജീവനക്കാരൻ പാർക്കിങ്‌ മേഖലയിൽനിന്ന് കാർ കൊണ്ടുപോകാൻ അനുമതിനൽകുകയായിരുന്നു. പിന്നീട്, ഇൻസ്പെക്ടറുടെ കാർ വിൽപനയ്ക്ക് വെച്ചിട്ടുണ്ടെന്ന് മുൻകൂട്ടി അറിഞ്ഞിരുന്ന ഒരാൾ കാർ കാണാൻ എത്തുകയും സുരക്ഷാ ജീവനക്കാരനോട് അന്വേഷിക്കുകയും ചെയ്തപ്പോഴാണ് തനിക്ക് അമളി പറ്റിയെന്ന് ജീവനക്കാരൻ മനസ്സിലാക്കിയത്.

തുടർന്ന്, ആർ.പി.എഫിനെയും ടൗൺ പോലീസിനെയും വിവരമറിയിച്ചു. നിലവിൽ കോയമ്പത്തൂരിൽ സേവനമനുഷ്ഠിക്കുന്ന ഉപേന്ദ്രകുമാർ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News