മകളുടെ കിടക്കയിൽ നല്ല ഉഗ്രവിഷമുള്ള പാമ്പിന്റെ 'പടം'; തൊട്ട് അടുത്തായി നമ്മുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ കാഴ്ച; ആ വാർത്ത..അറിഞ്ഞ് ഗ്രാമം മുഴുവൻ പതറി; കൂടെ ഒരു കഥയും അടിച്ചിറിക്കി കുടുംബം; വിത്ത് ഇൻ സെക്കൻഡ്‌സ് കള്ളം പൊളിച്ച് പോലീസ്

Update: 2026-02-10 09:24 GMT

ഔറൈയ: ഉത്തർപ്രദേശിലെ ഔറൈയ ജില്ലയിൽ കാണാതായ 25 വയസ്സുകാരി പാമ്പായി മാറിയെന്ന വ്യാപക പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് കണ്ടെത്തി. യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും വീട്ടുകാരുടെയും ഗ്രാമവാസികളുടെയും ശ്രദ്ധ തിരിക്കുന്നതിനായി പാമ്പിൻ്റെ പടം കിടക്കയിൽ ഉപേക്ഷിച്ച് 'നാഗിൻ' നാടകം ആസൂത്രണം ചെയ്തതാണെന്നും പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുത്തി.

സിംഗാനപൂർ ഗ്രാമത്തിലെ വാൽമീകി കുടുംബത്തിലെ 25കാരിയായ യുവതിയെ ഞായറാഴ്ച രാവിലെയാണ് കാണാതായത്. മകളെ വിളിക്കാൻ കിടപ്പുമുറിയിലെത്തിയ അമ്മ കണ്ടത് ഏകദേശം അഞ്ചടിയോളം നീളമുള്ള പാമ്പിന്റെ പടമാണ്. വളകളും മാലയും പൊട്ടും അടക്കം ആഭരണങ്ങൾ അണിയിച്ച നിലയിലായിരുന്നു ഈ പാമ്പിൻ്റെ പടം. ഇതോടെ മകൾ പാമ്പായി മാറിയെന്ന് വീട്ടുകാരും ഗ്രാമവാസികളും വിശ്വസിക്കുകയും വാർത്ത ഗ്രാമത്തിൽ അതിവേഗം പടരുകയുമായിരുന്നു. നിരവധി പേർ യുവതിയുടെ വീട് സന്ദർശിക്കാൻ എത്തുകയും ചെയ്തതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് യാഥാർത്ഥ്യം വെളിച്ചത്തുകൊണ്ടുവന്നത്. അതേ ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നു. ഇതിൽ പ്രകോപിതയായാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു. ആരും അന്വേഷിക്കാതിരിക്കാനും സംശയം തോന്നാതിരിക്കാനുമായിരുന്നു 'നാഗിൻ' നാടകം ആസൂത്രണം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

യുവതി കഴിഞ്ഞ ദിവസങ്ങളിൽ പാടത്തും വിജനമായ സ്ഥലങ്ങളിലും എന്തോ തിരയുന്നത് കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി. പ്രണയബന്ധത്തിന്റെ പേരിൽ യുവതിയുടെ വീട്ടിൽ മുൻപും തർക്കങ്ങളുണ്ടായിരുന്നതായും നാട്ടുകാർ വെളിപ്പെടുത്തി.

യുവതിയുടെ മൊബൈൽ ഫോൺ നിരീക്ഷിച്ചുവരികയാണെന്നും ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം, യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഇടപെടലോടെ ഗ്രാമത്തിൽ പടർന്ന 'നാഗിൻ' കഥകൾക്ക് ശമനമായിട്ടുണ്ട്.

Tags:    

Similar News