ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച റിജാസിന്റെ ഐ.എസ്.ഐ ബന്ധം അടക്കം പരിശോധിച്ചു മഹാരാഷ്ട്ര പോലീസ്; ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായും മാവോയിസ്റ്റ് ബന്ധത്തിനും തെളിവു കിട്ടി; പിടിച്ചെടുത്ത ഫോണും പെന്‍ഡ്രൈവും ഫോറന്‍സിക് പരിശോധനക്ക് അയച്ചു; റിജാസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച റിജാസിന്റെ ഐ.എസ്.ഐ ബന്ധം അടക്കം പരിശോധിച്ചു മഹാരാഷ്ട്ര പോലീസ്

Update: 2025-05-13 06:58 GMT

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെതിരെയുള്ള വിമര്‍ശനത്തിന്റെ പേരില്‍ അറസ്റ്റിലായ റിജാസ്.എം.ഷീബ സിദ്ദിഖിന്റെ വീട്ടില്‍ പരിശോധന നടത്തിയ മഹാരാഷ്ട്ര എ.ടി.എസ് കണ്ടെത്തിത് നിരവധി വിവരങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. അര്‍ബന്‍ നക്‌സലാണ് റിജാസ് എന്ന വിധത്തിലാണ് മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്. കൊച്ചിയിലെ റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട് മഹാരാഷ്ട്ര എ.ടി.എസ്. ഇവ വിശദമായി പരിശോധിച്ചാല്‍ റിജാസിന് മുന്നില്‍ വലിയ വെല്ലുവിളികളാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പെന്‍ഡ്രൈവുകള്‍, ഫോണുകള്‍ പുസ്തകങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്ത്. റിജാസിനെതിരെ കൊച്ചി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി എളമക്കര കീര്‍ത്തി നഗറിലെ റിജാസിന്റഎ വീട്ടില്‍ ഞായാറാഴ്ച്ച രാത്രി നടത്തിയ പരിശോധനയിലാണ് പെന്‍ഡ്രൈവുകള്‍, ഫോണുകള്‍ പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്ത്. മഹാരാഷ്ട്ര എടിഎസും, നാഗ്പൂര്‍ പൊലീസും ഐബി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. റിയാസിന്റെ കുടുംബാംഗങ്ങളെയും സംഘം ചോദ്യം ചെയ്തിരുന്നു.

രാത്രി 8 മണിയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകള്‍ നീണ്ടു. കാള്‍ മാര്‍ക്‌സിന്റെ പുസ്തകവും 'ക്രിട്ടിസൈസിങ് ബ്രാഹ്‌മണിസം' എന്ന പുസ്തകവും പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്. മഹാരാഷ്ട്ര എടിഎസും ഐബി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് റിജാസിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു.

കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറില്‍ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേര്‍ക്കെതിരെ ഏപ്രില്‍ ഒടുവില്‍ പൊലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരല്‍ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഈ കേസുകളുടെ വിവരങ്ങള്‍ അടക്കം ശേഖരിച്ച പോലീസ് റിജാസിന് ഐ.എസ്.ഐ ബന്ധമുണ്ടോ എന്നു പോലും സംശിക്കുന്നുണ്ട്. ഇതിലേക്ക് വിശദമായി അന്വേഷണം നടക്കും.

ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായും സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസിന് ബന്ധമുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. യുകെയിലെ ഒരു മൊബൈല്‍ നമ്പറിലേക്ക് റിജാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരങ്ങള്‍. ഇതിന് ഐഎസ്‌ഐ ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതൊടെ കൂടുതര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.

മാവോയിസ്റ്റ് നേതാവ് കണ്ണന്‍ മുരളിയുമായി റിജാസ് നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതാണ് റിപ്പോര്‍ട്ട്. ജി എന്‍ സായിബാബയെ പിന്തുണച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ ഇടപെടല്‍ അടക്കം റിജാസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി അര്‍ബന്‍ നക്‌സല്‍ പ്രവര്‍ത്തനമാണ് യുവാവില്‍ നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കൊച്ചിയില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനും റിജാസ് ശ്രമിച്ചിരുന്നു. ഇതില്‍ വഴിതടസപ്പെടുത്തിയതിന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചതിനാണ് റിജാസ് പിടിയിലായത്. ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമാണ് എന്നാണ് റിജാസിന്റെ അവകാശവാദം.

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തില്‍പ്പെട്ട യുവാക്കളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്ന റിപ്പോര്‍ട്ടിന്റെ പേരിലും റിജാസിനെതിരെ കേസെടുത്തിരുന്നു. നാഗ്പൂരിലെ ഹോട്ടലില്‍ നിന്നും അറസ്റ്റിലായ റിജാസ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപാഹ്വാനം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്നും പൊലീസ് ആരോപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം നാഗ്പുരിലെത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം റിജാസിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 13 വരെ റിജാസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡെമോക്രാറ്റിന് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) പ്രവര്‍ത്തകനാണ് റിജാസ്.

Tags:    

Similar News