മറിയം ജുമൈല കൊല്ലപ്പെട്ടത് പിതാവ് ബന്ധുക്കളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍; മറിയത്തിന് വെട്ടേറ്റത് കഴുത്തിന്; മഞ്ചേശ്വരം ഇരട്ടക്കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് നാട്ടിലെത്തിയത് മൂന്ന് മാസം മുന്‍പ്; ഭാര്യയുമായി വിവാഹമോചനത്തിനും ആലോചിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

മറിയം ജുമൈല കൊല്ലപ്പെട്ടത് പിതാവ് ബന്ധുക്കളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍; മറിയത്തിന് വെട്ടേറ്റത് കഴുത്തിന്

Update: 2026-02-03 06:41 GMT

കാസര്‍കോട്: മഞ്ചേശ്വരത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വത്ത് തര്‍ക്കവും തുടര്‍ന്നുള്ള ഏറ്റുമുട്ടലുമാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉമ്മയുടെ സഹോദരിയെയും ഭര്‍ത്താവിനെയും പിതാവ് ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് മറിയം ജുമൈലയ്ക്ക് കഴുത്തില്‍ വെട്ടേറ്റതെന്നാണ് വിവരം.

മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാസന്ന ചികിത്സയില്‍ കഴിഞ്ഞിരുന്ന മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയും മരണത്തിന് കീഴടങ്ങി. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിയാണ് കൊല്ലപ്പെട്ട 18കാരി മറിയം ജുമൈല. മറിയത്തിന്റെ പിതാവ് ഉമര്‍ ഫാറൂഖാണ് കൊലയാളി. ഉമര്‍ ഫാറൂഖിന്റെയും ഭാര്യയുടെയും ഏക മകളായിരുന്നു മറിയം.

ഉമര്‍ ഫറൂഖും ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവായ ഷേഖ് അബ്ബയും തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ഷേഖ് അബ്ബയെയാണ് ഉമര്‍ ഫാറൂക് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പിന്നാലെ ഭാര്യയുടെ സഹോദരിയെയും വെട്ടി. പിതാവിന്റെ അതിക്രമം കണ്ട് സഹിക്കാനാവാതെ മറിയം ഇത് തടയാനായി എത്തി. ഇതിനിടെയാണ് മറിയത്തിന്റെ കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മറിയം ജുമൈല മരിച്ചിരുന്നു. പരിക്കേറ്റ മൂന്നാമത്തെയാളുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കൊലപാതകത്തിന് ശേഷം സ്ഥലത്ത് തന്നെ തുടര്‍ന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്‌നം പരിഹരിച്ചത്. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ലഹരി ഉപയോഗിച്ച ശേഷം വീട്ടിലെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിന്റെ പേരില്‍ ഉമര്‍ ഫാറൂക്കിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു.

ഉമ്മര്‍ കഞ്ചാവിനും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമയാണെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലഹരിയുടെ സ്വാധീനത്തില്‍ ഇയാള്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.

Tags:    

Similar News