'കല്യാണം കഴിക്കൽ ഹോബി, പണം തട്ടൽ മെയിൻ'; മാട്രിമോണിയൽ സൈറ്റുവഴി വിവാഹം; പലരിൽ നിന്നായി തട്ടിയത് ലക്ഷങ്ങൾ: പന്തലിൽ അമ്മാവന്റെ വേഷമിട്ട് എത്തിയയാളും പക്കാ ഫ്രോഡ്; കല്യാണ വീരനെ പൂട്ടി പോലീസ്; 32കാരൻ സുശാന്ത് പോക്സോ കേസിലും പ്രതി

Update: 2026-02-11 09:55 GMT

മംഗളൂരു: ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകൾ വഴി സ്ത്രീകളെ പരിചയപ്പെട്ട് വിവാഹം കഴിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവും സഹായിയും പിടിയിൽ. മുഖ്യപ്രതിയായ സുശാന്ത് പൂജാരി എന്ന സുശാന്ത് ജി കർക്കേര (32), ഇയാളുടെ അമ്മാവനായി വേഷം കെട്ടി തട്ടിപ്പിന് കൂട്ടുനിന്ന മുൾക്കി സ്വദേശി ഭാസ്‌കർ (43) എന്നിവരെയാണ് കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നവി മുംബൈ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മാട്രിമോണിയൽ സൈറ്റുവഴി പരിചയപ്പെട്ട സുശാന്ത് യുവതിയെ വിവാഹം കഴിച്ചിരുന്നു. തുടർന്ന് പലതവണയായി 6.60 ലക്ഷം രൂപ വാങ്ങി മുങ്ങിയ സുശാന്തിനെക്കുറിച്ച് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നേരത്തെയും വിവാഹിതനാണെന്നും സമാനമായ രീതിയിൽ പല സ്ത്രീകളെയും വഞ്ചിച്ചിട്ടുണ്ടെന്നും കണ്ടെത്തിയത്.

മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകൾ വഴി സ്ത്രീകളുമായി സൗഹൃദത്തിലാകുന്ന സുശാന്ത്, അവരെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിക്കും. കുടുംബത്തിന്റെ വിശ്വാസം നേടിയെടുക്കാൻ കൂട്ടാളി ഭാസ്‌കറാണ് രംഗത്തിറങ്ങുക. സുശാന്തിന്റെ അമ്മാവനായും കുടുംബത്തിലെ മുതിർന്ന അംഗമായും സ്വയം പരിചയപ്പെടുത്തുന്ന ഭാസ്‌കർ വിവാഹച്ചടങ്ങുകളിൽ വരെ സജീവമായി പങ്കെടുക്കും. മുംബൈയിൽ നടന്ന മതപരമായ വിവാഹ ചടങ്ങിലും ഭാസ്‌കർ അമ്മാവനായി വേഷമിട്ടിരുന്നു.

പൊലീസ് ചോദ്യം ചെയ്യലിൽ സുശാന്ത് കുറ്റം സമ്മതിച്ചു. 2021-ൽ ഉഡുപ്പി സ്വദേശിനിയെ വിവാഹം കഴിച്ച ഇയാൾ, ഉഡുപ്പി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകൾ വീതവും കാർക്കള സ്വദേശിനിയായ ഒരു യുവതിയെയും സമാന രീതിയിൽ വഞ്ചിച്ചതായി കണ്ടെത്തി. വഞ്ചനാ കേസുകൾക്ക് പുറമെ മോഷണം, പോക്സോ, പെൺവാണിഭ നിരോധന നിയമം എന്നിവ പ്രകാരമുള്ള നിരവധി കേസുകൾ മഹാരാഷ്ട്രയിലും കർണാടകയിലുമായി ഇയാൾക്കെതിരെ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News