ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിക്കു നേരെ ആസൂത്രിത ലൈംഗിക അതിക്രമം; മൂന്ന് ആസാം സ്വദേശികള്‍ അറസ്റ്റില്‍; പീഡനത്തിന് ഒത്താശ ചെയ്ത ശേഷം നല്ലപിള്ള ചമഞ്ഞ മൂന്നാം പ്രതിയുടെ മുറിയില്‍ നിന്ന് അരക്കിലോ കഞ്ചാവും കണ്ടെടുത്തു; സംഭവം കോന്നിയില്‍
ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിക്കു നേരെ ആസൂത്രിത ലൈംഗിക അതിക്രമം
കോന്നി: ബംഗാള്‍ സ്വദേശിനിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ശേഷം രക്ഷപ്പെട്ട ആസാം സ്വദേശികളായ പ്രതികളെ കോന്നി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ആസാം മരിയന്‍ ജില്ലയില്‍ വി.ടി.സി പാലഹുരി ഗഞ്ചനില്‍ അമീര്‍ ഹുസൈന്‍ (24), ചോണിപ്പൂര്‍ ജില്ലയില്‍ ചപ്പാരി ചിലക്കദാരി റബീകുല്‍ ഇസ്ലാം(25), ബാര്‍പ്പെട്ട ബാഷ്ബറ കോലാപുട്ടിയ കരിമുള്ള (27) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി കരിമുള്ള മറ്റു രണ്ടു പേര്‍ക്കും ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. പോലീസ് വന്നപ്പോള്‍ നല്ലപിള്ള ചമഞ്ഞു നിന്ന കരിമുള്ളയുടെ മുറിയില്‍ നിന്ന് അരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഇതിന് വേറെ കേസ് രജിസ്റ്റര്‍ ചെയ്തു.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗാള്‍ സ്വദേശിനിയായ യുവതി കോന്നിയിലുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. സ്ഥാപന ഉടമ ആനകുത്തി ജങ്ഷനിലുള്ള ലോഡ്ജിലെ മുറിയില്‍ മൂന്ന് ദിവസമായി ഇവരെ താമസിപ്പിച്ചു വരികയായിരുന്നു. തൊട്ടടുത്ത മുറിയില്‍ മൂന്നാം പ്രതി കരിമുള്ള വാടകയ്ക്ക് താമസിക്കുകയാണ്. ശനിയാഴ്ച്ച രാത്രി യുവതിയെ സ്ഥാപനഉടമ ലോഡ്ജിന് സമീപം കൊണ്ടു വിട്ടു.
യുവതി ആഹാരം പാചകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ പുറത്ത് ശബ്ദം കേട്ട് കതക് തുറന്നു നോക്കാന്‍ ശ്രമിക്കവേ ഒന്നും രണ്ടും പ്രതികള്‍ മുറിയിലേക്ക് തള്ളിക്കയറി. തുടര്‍ന്ന് ഇവര്‍ യുവതിയെ തള്ളി താഴെയിട്ടു. പിന്നീട് പൊക്കിയെടുത്ത് കുളിമുറിയില്‍ കൊണ്ടുപോയി കതകടച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തു. ശബ്ദം പുറത്തു വരാതിരിക്കാനായി വായ് പൊത്തി പിടിക്കുകയും ചെയ്തു. കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. അതിക്രമത്തിനിടെ രണ്ടാം പ്രതിയുടെ കൈ വിരലില്‍ യുവതിയുടെ കടിയേറ്റു.
അടുത്ത മുറിയിലുണ്ടായിരുന്ന കരിമുള്ള ഓടിയെത്തിയപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട്, പോലീസിലൊന്നും പരാതി കൊടുക്കേണ്ട താന്‍ നോക്കിക്കൊള്ളാം എന്ന് ഇയാള്‍ യുവതിയെ അറിയിച്ചു. ആരെയും ഫോണ്‍ ചെയ്യാന്‍ അനുവദിച്ചില്ല. എന്നാല്‍ യുവതി സ്ഥാപന ഉടമയെ വിളിച്ച് വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടു പ്രതികളും രക്ഷപ്പെട്ടിരുന്നു. കരിമുള്ളയോട് വിവരം തിരക്കിയ പോലീസിനോട് ഒന്നും അറിയില്ലെന്നാണ് പ്രതികരിച്ചത്. താന്‍ വന്നതുകൊണ്ടാണ് യുവതി രക്ഷപ്പെട്ടതെന്നും പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. അതിലെ ഒരു ഫോട്ടോ യുവതി തിരിച്ചറിഞ്ഞു. തുടര്‍ന്ന് കരിമുള്ളയെ ചോദ്യംചെയ്തതില്‍ മൂന്നുപേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കുറ്റകൃത്യം ചെയ്തതെന്ന് വെളിപ്പെട്ടു. മറ്റു രണ്ടു പേരെയും കരിമുള്ള വിളിച്ചു വരുത്തുകയായിരുന്നു.
യുവതിയെ ഉപദ്രവിച്ച പ്രതികള്‍ ഇയാളുടെ ബന്ധുക്കളാണെന്നും വ്യക്തമായി. ആനകുത്തിയിലും പയ്യനാമണ്ണിലും കോഴിക്കടകളിലെ ജോലിക്കാരാണ് പ്രതികള്‍. പരുക്കു പറ്റിയ യുവതിയെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോലീസ് വിദഗ്ധ ചികില്‍സ നല്‍കി. ഇവരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതികളായ
റബിക്കുള്‍ ഇസ്ലാമും അമീര്‍ ഹുസൈനും ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അഹല്യ നഗരി എക്സ്പ്രസ് ട്രെയിനില്‍ കയറി രക്ഷപ്പെട്ടതായി മനസിലായി.
പ്രതികളുടെ ഫോണ്‍ നമ്പരുകളുടെ ലൊക്കേഷന്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കി. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാര്‍ വിവരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗത്തെ അറിയിച്ചു. റെയില്‍വേ പോലീസ്, തമിഴ്നാട് പോലീസ് എന്നിവരുടെ സഹായത്തോടെ ജോളാര്‍ പേട്ടയില്‍ വച്ച് രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ കടിയേറ്റപരിക്ക് റബിക്കുള്‍ ഇസ്ലാമിന്റെ വലതു കയ്യില്‍ കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് വിശദമായി ഇവരെ പോലീസ് ചോദ്യം ചെയ്തു. പ്രതികളെ യുവതിയെ കാട്ടി തിരിച്ചറിഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ കരിമുളളയുടെ മുറി പരിശോധിക്കുന്നതിനിടയില്‍ അര കിലോയോളം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇതിന് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു. കരിമുള്ളയുടെ അറസ്റ്റും രേഖപ്പെടുത്തി. തുടര്‍ന്ന് മൂന്ന് പ്രതികളെയും പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ നിന്നും സംഭവസ്ഥലത്തുനിന്നും പോലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഡിവൈ.എസ്.പി ടി. രാജപ്പന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഉടനടി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രൊബേഷന്‍ എസ്.ഐ ദീപക്, എ.എസ്.ഐ അജി തോമസ്, എസ്.സി.പി.ഓ അരുണ്‍ രാജ്, സി.പി. ഓമാരായ ജോസണ്‍ പി ജോണ്‍, സേതു കൃഷ്ണന്‍, അല്‍ സാം, നഹാസ്,അരുണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.