പിടികൂടാനെത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു; സ്പായില്‍ യുവതിയെ പീഡിപ്പിച്ച 'മരണ സുബിനെ' പൂട്ടിയത് സാഹസികമായി! കത്തിമുനയില്‍ പീഡനം, മൊബൈലില്‍ ദൃശ്യങ്ങള്‍; ഒളിവിലുള്ള നാലുപേര്‍ക്കായി വലവീശി പോലീസ്; തിരുവല്ലയെ നടുക്കിയ സംഭവത്തിന് പിന്നില്‍ മാസപ്പടിയും രാഷ്ട്രീയ തണലും?
പിടികൂടാനെത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു
തിരുവല്ല: തിരുവല്ലയിലെ സ്പായില്‍, പകല്‍വെളിച്ചത്തില്‍ നടന്ന പീഡനം കേരളത്തെ നടുക്കിയിരിക്കുകയാണ്. ഗുണ്ടാപ്പിരിവ് നല്‍കാത്തതിന്റെ പേരില്‍ സ്പാ ജീവനക്കാരിയെ കഴുത്തില്‍ കത്തി വെച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന പങ്ക് കൂടിയാണ്.
ഗുണ്ടാരാജ്: സ്പായില്‍ നടന്നത് എന്ത്?
ഈ മാസം ഒന്നിന് മഞ്ഞാടിയിലെ സ്പാ കേന്ദ്രത്തിലാണ് 'മരണ സുബിന്‍' എന്ന് വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം അഴിഞ്ഞാടിയത്. കാപ്പാ കേസ് പ്രതിയായ സുബിന്‍ പലതവണ 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ഈ സ്ഥാപനത്തില്‍ എത്തിയിരുന്നു. ആവശ്യപ്പെട്ട പണം ഉടമ നല്‍കാത്തതാണ് ക്രൂരതയ്ക്ക് കാരണമായത്.
സ്പായില്‍ അതിക്രമിച്ചു കയറിയ സംഘം ജീവനക്കാരിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. സംഘത്തിലെ രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ചുവെക്കുകയും പിന്നീട് മുറിക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ക്രൂരത അവിടെയും അവസാനിച്ചില്ല; സ്പായിലെത്തിയ മറ്റൊരു വ്യക്തിയെയും ജീവനക്കാരിയെയും ഒപ്പം നിര്‍ത്തി ബലമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
മറ്റൊരു ജീവനക്കാരിയുടെ പക്കലുണ്ടായിരുന്ന 2500 രൂപയും തട്ടിയെടുത്ത ശേഷമാണ് സുബിനും സംഘവും അവിടെനിന്ന് മടങ്ങിയത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം സ്ഥാപന ഉടമയോ ജീവനക്കാരോ ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ പിറ്റേന്ന് വിവരമറിഞ്ഞ പൊലീസ് സ്വമേധയാ ഇടപെടുകയും മൂന്നാം തീയതി കേസെടുക്കുകയുമായിരുന്നു. കേസിലെ പ്രധാന പ്രതികളായ രണ്ടുപേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിയെ പിടികൂടാനെത്തിയ തിരുവല്ല എസ്.ഐക്കും സംഘത്തിനും നേരെ തന്റെ വളര്‍ത്തുനായയെ അഴിച്ചുവിട്ടാണ് സുബിന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് ഇയാളെയും കൂട്ടാളി ബെര്‍ലിന്‍ ദാസിനെയും പൊലീസ് കുടുക്കിയത്.
ആരോപണത്തിന്റെ നിഴലില്‍ പൊലീസ്; മാസപ്പടിയും സല്‍ക്കാരവും
ഈ സംഭവത്തില്‍ പൊലീസ് പ്രതിക്കൂട്ടിലാകാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. സ്പാ കേന്ദ്രങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡിവൈഎസ്പി ഓഫീസിലെ ചിലരും സ്ഥിരമായി മാസപ്പടി വാങ്ങുന്നുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. പൊലീസുകാരുടെ ഈ രീതി പിന്തുടര്‍ന്നാണ് ഗുണ്ടാസംഘവും പിരിവിനെത്തിയത്.
ഭരണപക്ഷത്തെ ഒരു പ്രമുഖ ജില്ലാ നേതാവിന്റെ ഇടപെടലിനെത്തുടര്‍ന്ന് സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് വിവരം പുറത്തുവിട്ടിരുന്നില്ല. മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാലും സ്ഥലം മാറ്റം ലഭിക്കാതെ ഒരേ സ്റ്റേഷനില്‍ തുടരുന്ന ചില രാഷ്ട്രീയ അനുകൂലികളായ പൊലീസുകാരാണ് ഇത്തരം സ്പാകള്‍ക്ക് കുടപിടിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്പാകളില്‍ ഇവര്‍ക്ക് പ്രത്യേക 'സല്‍ക്കാരങ്ങള്‍' ലഭിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്.
എസ്.പിയുടെ നിലപാട്
ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നത്. കുറ്റവാളികളായ ഗുണ്ടകള്‍ക്കെതിരെ കാപ്പയുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. പൊലീസുകാര്‍ക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. മാസപ്പടി ആരോപണത്തില്‍ നേരത്തെ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ പൊലീസ് സ്വമേധയാ ഇടപെട്ടാണ് പരാതി വാങ്ങി കേസെടുത്തതെന്ന് എസ്.പി വ്യക്തമാക്കി. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ ഗുണ്ടാസംഘത്തിലെ ബാക്കി നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒളിവിലുള്ള പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ടോ എന്നതും അന്വേഷണ പരിധിയിലാണ്.
