വിന്‍ഡ് ഷീല്‍ഡില്‍ ഷെയ്ഡിനായി നല്‍കിയ കളറിന്റെ പേരില്‍ പിടികൂടി; ഇവി കാറിന് പുക പരിശോധിച്ച സര്‍ട്ടിഫിക്കറ്റില്ലെന്ന് പൊലീസ്; 1500 രൂപ പിഴയിട്ടു; വീഡിയോ പ്രചരിച്ചതോടെ സിസ്റ്റത്തിലെ പിഴവെന്ന് വിശദീകരണം
ജയ്പൂര്‍: ഇലക്ട്രിക് വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ പിഴ ചുമത്തിയ രാജസ്ഥാന്‍ പൊലീസിന്റെ നടപടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ നിയമപരമായ അജ്ഞതയാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (EV) പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (PUC) ആവശ്യമില്ലെന്ന പ്രാഥമിക അറിവ് പോലും ഇല്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പിഴയിട്ടതാണ് സംഭവങ്ങളുടെ തുടക്കം. ടാറ്റ ടിയാഗോ ഇവി (Tata Tiago EV) ഉടമയായ യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. കാറിന്റെ വിന്‍ഡ് ഷീല്‍ഡില്‍ സൂര്യപ്രകാശത്തെ തടയാനായി ഒട്ടിച്ച വിന്‍ഡോ ഷെയ്ഡിന്റെ നിറത്തെച്ചൊല്ലിയാണ് പോലീസ് ആദ്യം വാഹനം തടഞ്ഞത്. എന്നാല്‍ തര്‍ക്കം മുറുകിയതോടെ, കാറിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (Pollution Under Control Certificate) ഇല്ലെന്ന് ആരോപിച്ച് എ.എസ്.ഐ പിഴ ചുമത്തുകയായിരുന്നു. ഇവി കാര്‍ ഉടമ പിഴയുടെ പേരില്‍ പൊലീസുകാരനുമായി തര്‍ക്കിക്കുന്ന വീഡിയോയാണ് ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.
രാജസ്ഥാനിലെ നാഗൗറില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലായിട്ടുള്ളത്. ടാറ്റ ടിയാഗോ ഇവി ഉടമയ്ക്ക് 1500 രൂപ പിഴയാണ് പൊലീസ് ചുമത്തിയത്. കാറിന്റെ വിന്‍ഡ് ഷീല്‍ഡില്‍ ഷെയ്ഡിനായി നല്‍കിയ കളറിന്റെ പേരിലാണ് പൊലീസ് കാര്‍ തടഞ്ഞത്. പിന്നാലെയാണ് ഇവി കാറിന് പുക പരിശോധിച്ച സര്‍ട്ടിഫിക്കറ്റില്ലെന്ന് എഎസ്‌ഐ പറയുന്നത്. ഇതോടെ വിന്‍ഡോ ഷേഡിലെ നിറത്തിനുള്ള 200 രൂപയുടെ പിഴയോടൊപ്പം പുക സര്‍ട്ടിഫിക്കറ്റില്ലാത്തതിനും പിഴ ചുമത്തുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുക പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പൊലീസുകാരനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഉടമയുടെ വീഡിയോയാണ് വൈറലായിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഉടമ വാദിച്ചെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല.
സംഭവം വിവാദമായതോടെ രാജസ്ഥാന്‍ പൊലീസ് പ്രതികരണവുമായി രംഗത്തെത്തി. വിന്‍ഡോ ഷെയ്ഡുകള്‍ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഉദ്യോഗസ്ഥന് അബദ്ധം സംഭവിച്ചതാണെന്നും, തെറ്റായി രേഖപ്പെടുത്തിയ പിഴ സിസ്റ്റത്തില്‍ നിന്ന് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പുകക്കുഴലുകള്‍ ഇല്ലാത്തതിനാല്‍ അവയ്ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം നിയന്ത്രിക്കാനാണ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അതിനാല്‍ ഇലക്ട്രിക് വാഹന ഉടമകള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കയ്യില്‍ കരുതേണ്ടതില്ല.
