ഭർത്താവിന്റെ സുഹൃത്തുമായി പ്രണയത്തിലായി; ബന്ധത്തിന് മകൻ തടസ്സമാകുമെന്ന് കരുതി ആറുവയസ്സുകാരനോട് ക്രൂരത; ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു, മരണം ഉറപ്പാക്കാൻ തറയിലടിച്ചു; ഹൃദയാഘാതമെന്ന് വരുത്താൻ അമ്മയുടെ തന്ത്രം; 27കാരി പിടിയിൽ, കാമുകനായി തിരച്ചിൽ

Update: 2026-04-10 12:35 GMT

പൂനെ: പൂനെയിൽ പ്രണയ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ആറുവയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പുണെ ഖേദ് സ്വദേശിനി ബസീറൻ മെഹബൂബ് ഷെയ്ഖ് (27), കാമുകൻ റാം വിനായക് കജേവാദ് എന്നിവർ ചേർന്നാണ് കൃത്യം നടത്തിയത്. ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ കൊലപാതക വിവരം പുറത്താവുകയായിരുന്നു.

ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന ബസീറൻ ഭർത്താവിന്റെ സുഹൃത്തായ റാമുമായി പ്രണയത്തിലായിരുന്നു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. ഇതിൽ ആറുവയസ്സുകാരനായ ഐവേസ് ബസീറനൊപ്പമാണ് താമസിച്ചിരുന്നത്. തങ്ങളുടെ ബന്ധത്തിന് മകൻ തടസ്സമാകുമെന്ന് കണ്ടാണ് ഏപ്രിൽ 4-ന് രാത്രി 11.30 ഓടെ ഇരുവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. ബക്കറ്റിലെ വെള്ളത്തിൽ തല മുക്കിവെച്ചും പിന്നീട് തറയിലടിച്ചും മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം ബീഡിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിച്ച ബസീറൻ, മകൻ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് എല്ലാവരെയും വിശ്വസിപ്പിച്ചത്. എന്നാൽ സംസ്കാര ചടങ്ങുകൾക്കായി എത്തിയ കുട്ടിയുടെ പിതാമഹൻ (അച്ഛന്റെ അച്ഛൻ) ശരീരത്തിലെ പാടുകൾ കണ്ട് സംശയം പ്രകടിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം ശ്വാസംമുട്ടിയാണെന്നും ക്രൂരമായ മർദനമേറ്റിട്ടുണ്ടെന്നും വ്യക്തമായത്.

സംഭവത്തിൽ ബസീറനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ കാമുകൻ റാമിനായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പത്ത് വർഷം മുൻപായിരുന്നു ബസീറന്റെയും മെഹബൂബിന്റെയും വിവാഹം. മൂന്ന് മക്കളിൽ രണ്ട് പേർ പിതാവിനൊപ്പമാണ് താമസം.

Tags:    

Similar News