കൃത്യം നടപ്പാക്കും മുന്‍പ് പ്രതികള്‍ കാറിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി; എന്നാല്‍ പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റ് മാറ്റിയില്ല! ഈ മണ്ടത്തരം നീതുവിന്റെ കൊലയാളികളെ കുടുക്കി; നമ്പര്‍ ബ്ലോക്ക് ചെയ്തത് പകയായി; കൊല്ലുമെന്ന് പലതവണ ഭീഷണി; നീതുവിന്റെ ജീവനെടുത്തത് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍; കാഞ്ഞിരപ്പള്ളിയിലെ ഗൂഡാലോചനയില്‍ നാലാമനും?

Update: 2025-05-09 07:36 GMT

കറുകച്ചാല്‍: വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടി റോഡില്‍ നീതു ആര്‍ നായരെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വമ്പന്‍ ഗൂഡാലോചന. കൃത്യമായ ആസൂത്രണത്തോടെയാണു പ്രതികള്‍ കൊല നടപ്പാക്കിയതെന്നു പൊലീസ് കരുതുന്നു. കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു ആര്‍.നായര്‍ (35) കൊല്ലപ്പെട്ട കേസില്‍ കാഞ്ഞിരപ്പള്ളി മേലേറ്റുതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് കബീര്‍ (37), കാഞ്ഞിരപ്പള്ളി ചാവിടിയില്‍ ഉജാസ് അബ്ദുല്‍ സലാം (35) എന്നിവരാണു പ്രതികള്‍. ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്. എന്നാല്‍, ഇരുവരും കാറുമായി കാത്തുകിടന്നതു പ്രദേശവാസി കണ്ടതും കാറിന്റെ പിന്നിലെ നമ്പര്‍ ക്യാമറയില്‍ പതിഞ്ഞതുമാണ് കേസില്‍ നിര്‍ണ്ണായകമായത്. കൃത്യം നടപ്പാക്കും മുന്‍പ് പ്രതികള്‍ കാറിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി. എന്നാല്‍ പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റ് മാറ്റിയിരുന്നില്ല. ഇതാണ് പ്രതികളെ ഉടന്‍ കണ്ടെത്താന്‍ പൊലീസിന് തുമ്പായത്.

16 വര്‍ഷം മുന്‍പാണു നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 7 വര്‍ഷം മുന്‍പ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചു. വിവാഹമോചനക്കേസ് നടന്നുവരികയാണ്. പിന്നീടു മക്കളോടൊപ്പം നീതു സ്വന്തം വീടായ കൂത്രപ്പള്ളിയിലെത്തി. നീതുവിന്റെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു അന്‍ഷാദ്. നീതുവും അന്‍ഷാദും തമ്മില്‍ പിന്നീടു സൗഹൃദത്തിലായി. അന്‍ഷാദ് നീതുവിനു വലിയ തോതില്‍ പണം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇരുവരും പിണങ്ങുകയും അന്‍ഷാദിനെ നീതു ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അന്‍ഷാദിന്റെ നമ്പറുകള്‍ നീതു ബ്ലോക്ക് ചെയ്തിരുന്നു. ഇതോടെ ഉണ്ടായ പകയാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്നാണ് നീതുവിന്റെ ബന്ധുക്കളുടെ നിലപാട്. കാഞ്ഞിരപ്പള്ളിയിലാണഅ കൊലപാതകത്തിന്റെ ഗൂഡാലോചന നടന്നത്. ഇതില്‍ നാലാമനും പങ്കുണ്ടെന്ന് സൂചനയുണ്ട്.

മൂന്ന് മാസം മുന്‍പു നീതുവിന്റെ വാടകവീട്ടിലെത്തി അന്‍ഷാദ് ബഹളമുണ്ടാക്കിയിരുന്നു. നീതുവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിയും മുഴക്കിയിരുന്നു. തുടര്‍ന്നു നീതു കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതിയും നല്‍കി. സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ഇനി പ്രശ്‌നം ഉണ്ടാക്കില്ലെന്ന് അന്‍ഷാദ് ഉറപ്പുനല്‍കി. പിന്നീട് പല തവണ അന്‍ഷാദ് കറുകച്ചാലില്‍ എത്തിയിരുന്നു. ശല്യം രൂക്ഷമായതോടെ നീതുവിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ നായര്‍ സ്‌കൂട്ടറിലാണു നീതുവിനെ കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടിരുന്നത്. നീതു വീട്ടില്‍ നിന്നു പുറത്തിറങ്ങുന്ന സമയം മനസ്സിലാക്കിയ അന്‍ഷാദ് കൊലപ്പെടുത്താന്‍ തന്നെയാണു വാടകയ്ക്ക് എടുത്ത കാറുമായി എത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

സഹായി ഉജാസിന് സംഭവങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അന്‍ഷാദിന്റെ സുഹൃത്തും അയല്‍വാസിയുമാണു ഉജാസ്. പ്രധാന പ്രതി അന്‍ഷാദിനെ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉജാസും പോലീസ് പിടിയിലായി. അമിതവേഗത്തില്‍ കാറോടിച്ചാണ് നീതുവിനെ ഇടിച്ചത്. ഇടിച്ചശേഷം കാര്‍ ബ്രേക്ക് ചെയ്യാതെ മുന്നോട്ടെടുത്തു. മരണം ഉറപ്പിക്കാനായിരുന്നു ഇത്. മരിച്ച നീതുവിന്റെ ശരീരത്തില്‍ സാരമായ പരുക്കുകള്‍ ഉണ്ടായിരുന്നു. പിന്നില്‍നിന്നുള്ള ഇടിയേറ്റ്, അരയ്ക്കു താഴോട്ടുള്ള ഭാഗത്ത് 10 ഒടിവുണ്ട്. എല്ലുകള്‍ പൊട്ടിയനിലയിലായിരുന്നു. ഇടത്തേ കയ്യും ഒടിഞ്ഞു. സുഷുമ്‌നാനാഡി തലയോടിനോടു ചേരുന്ന ഭാഗത്തുനിന്നു വിട്ടുപോയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

നീതു താമസിക്കുന്ന പൂവന്‍പാറപ്പടിയിലെ വാടകവീടും വഴിയും അറിയാമായിരുന്ന ഇയാള്‍ സംഭവത്തിന് അരമണിക്കൂര്‍ മുന്‍പുതന്നെ റോഡില്‍ കാറുമായി കാത്തുനില്‍ക്കുകയായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയിലെ വക്കീല്‍ ഓഫീസിലേക്ക് പോകാന്‍ വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു നീതു. ഇടതുവശം ചേര്‍ന്ന് നടന്നുപോയ നീതുവിനെ പിന്നാലെ അമിതവേഗത്തില്‍ ഓടിച്ചുവന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിലും സമീപത്തെ വൈദ്യുത തൂണിലുമിടിച്ചാണ് നീതു റോഡിലേക്ക് വീണത്. കാറിന്റെ ഇടതുവശത്തെ ബമ്പറും ഹെഡ്‌ലൈറ്റും തകര്‍ന്ന് റോഡിലുണ്ടായിരുന്നു.

Tags:    

Similar News