വീഡിയോ കോളില്‍ നഴ്സുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഡോക്ടര്‍; ഗര്‍ഭസ്ഥശിശുക്കളെ പുറത്തെടുക്കുമ്പോള്‍ മരിച്ച നിലയില്‍; ഏഴുകൊല്ലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ഇരട്ടകുഞ്ഞുങ്ങളുടെ വിയോഗം താങ്ങാനാകാതെ കുടുംബം; ചികിത്സാപ്പിഴവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്

ഇരട്ട കുട്ടികളുടെ മരണത്തില്‍ യുവതിയുടെ പരാതി

Update: 2025-05-06 09:44 GMT

ഹൈദരാബാദ്: പ്രസവത്തിനിടെ ഗര്‍ഭസ്ഥശിശുക്കളായ ഇരട്ടക്കുട്ടികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ഡോക്ടറുടെ ചികിത്സാപിഴവെന്ന് യുവതിയുടെ പരാതി. തെലങ്കാന രംഗറെഡ്ഡി സ്വദേശിനിയായ കീര്‍ത്തിയാണ് തന്റെ ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തില്‍ ഡോക്ടര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. പ്രസവവേദനയുമായി താന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ വിജയലക്ഷ്മി ആശുപത്രിയിയിലെ ഡോക്ടറായ അനുഷ റെഡ്ഡി വീഡിയോകോളിലൂടെയാണ് പരിശോധിച്ചതെന്നും തുടര്‍ന്ന് ഡോക്ടര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശമനുസരിച്ച് നഴ്സാണ് തന്നെ പരിശോധിച്ചതെന്നുമാണ് കീര്‍ത്തിയുടെ ആരോപണം.

വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷം ഗര്‍ഭിണിയായ ബറ്റി കീര്‍ത്തി എന്ന യുവതിക്കാണ് തന്റെ കുഞ്ഞുങ്ങളെ നഷ്ടമായത്. ഡോക്ടര്‍ വീഡിയോ കോളിലൂടെ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ആശുപത്രിയിലെ നഴ്സ് ആണ് പ്രസവമെടുത്തത്.തെലങ്കാന രംഗറെഡ്ഡി സ്വദേശിയാണ് കീര്‍ത്തി. ഐവിഎഫിലൂടെയാണ് ഗര്‍ഭിണിയായത്. വിജയ ലക്ഷ്മി ആശുപത്രിയിലെ ഡോ. അനുഷ റെഡ്ഡിയാണ് യുവതിയെ ചികിത്സിച്ചിരുന്നത്.

കഴിഞ്ഞ മാസം ചെക്കപ്പ് നടത്തിയപ്പോള്‍ കീര്‍ത്തിയുടെ ഗര്‍ഭാശയമുഖം (സെര്‍വിക്സ്) അയഞ്ഞതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചില സ്റ്റിച്ചുകള്‍ ഇട്ടതിനുശേഷം വിശ്രമിക്കാന്‍ നിര്‍ദേശം നല്‍കി യുവതിയെ വീട്ടിലേയ്ക്ക് അയച്ചു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ പ്രസവവേദനയെത്തുടര്‍ന്ന് കീര്‍ത്തിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആ സമയം ഡോക്ടര്‍ അനുഷ റെഡ്ഡി ആശുപത്രിയിലില്ലായിരുന്നു. തുടര്‍ന്ന് വീഡിയോകോളിലൂടെയും ഓഡിയോ കോളിലൂടെയും നഴ്സുമാരെ വിളിച്ചാണ് ഡോക്ടര്‍ ഇന്‍ഞ്ചെക്ഷന്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്. വേദന സംഹാരിയായി നല്‍കിയ ഇന്‍ഞ്ചെക്ഷന്‍ സ്റ്റിച്ച് പൊട്ടാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പത്തരയോടെ ഇരട്ടകുട്ടികളെ പുറത്തെടുത്തു. കീര്‍ത്തിക്ക് ഒരുപാട് രക്തം നഷ്ടമായിരുന്നു. ഇതിനിടെ ഡോക്ടര്‍ എത്തിയാണ് കുഞ്ഞുങ്ങള്‍ മരണപ്പെട്ടതായി അറിയിച്ചത്.

ഡോക്ടര്‍ തന്നെ പരിശോധിക്കുക പോലും ചെയ്തില്ലെന്ന് കീര്‍ത്തി പറഞ്ഞു.പിന്നാലെ കീര്‍ത്തിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, കീര്‍ത്തി സുരക്ഷിതയാണെന്ന് രംഗറെഡ്ഡി ജില്ലാ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ബി വെങ്കടേശ്വര്‍ റാവു പറഞ്ഞു. നഴ്സുമാരെ സങ്കീര്‍ണ്ണമായ ചികിത്സകള്‍ നടത്താന്‍ ഏല്‍പ്പിച്ചത് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം പ്രൊഫഷണലല്ലാത്ത പ്രവൃത്തിയാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പൊലീസിനും ഉന്നത അധികാരികള്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News