ആ വീട് കത്തി നശിച്ചത് പവര്‍ബാങ്ക് പൊട്ടിത്തെറിച്ചല്ല; സ്‌ഫോടനമുണ്ടായത് വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ച്: പോലിസ് അന്വേഷണത്തില്‍ വീട്ടുടമ അറസ്റ്റില്‍

ആ വീട് കത്തി നശിച്ചത് വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ച്

Update: 2025-08-12 02:35 GMT

തിരൂര്‍: എല്ലാവരും കരുതിയത് പോലെ ആ വീട് കത്തി നശിച്ചത് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല. പോലിസ് അന്വേഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തില്‍ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. ഇതോടെ വീട്ടുടമ തിരൂര്‍ തെക്കന്‍കുറ്റൂര്‍ മുക്കിലപ്പീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ധീഖിനെ (34) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരമായി ഉപയോഗിക്കുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് സിദ്ധിഖിന്റെ വീട് കത്തിയമര്‍ന്നതെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിദ്ധിഖ് വീട്ടില്‍ അനധികൃതമായി പടക്ക ശേഖരം സൂക്ഷിച്ചിരുന്നതായി തെളിയുക ആയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്റെ വീട് കത്തിനശിച്ചത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയതാണ് അപകട കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം.

വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. സിദ്ധിഖും കുടുംബവും കൂട്ടായിയിലെ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്. വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ചില രേഖകളും ഉള്‍പ്പടെയെല്ലാം കത്തി ചാമ്പലായി. വൈകീട്ട് ആറുമണിയോടെ കുടുംബത്തോടൊപ്പം പോയസിദ്ദിക്ക്, രാത്രി മടങ്ങുമ്പോള്‍ വീടിന് തീപിടിച്ച വിവരം നാട്ടുകാര്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

ഒരു കിടപ്പുമുറിയും ശൗചാലയവും അടുക്കളയും സിറ്റൗട്ടും മാത്രമുള്ള, കല്ലുപയോഗിച്ച് ചുമര്‍ നിര്‍മ്മിച്ച് ഓലമേഞ്ഞതായിരുന്നു വീട്. തിരൂര്‍ അഗ്‌നിരക്ഷാ നിലയത്തില്‍നിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ തീയണച്ചിരുന്നു. തിരൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങള്‍ അലമാരയില്‍ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു.

Tags:    

Similar News