ലക്ഷ്യമിട്ടത് കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താന്‍; യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നീക്കം നടത്തി; ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍; എട്ടു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് എന്‍ഐഎ കോടതി

ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍

Update: 2025-09-29 12:18 GMT

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് നിരോധിത സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ നീക്കം നടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും എട്ടു വര്‍ഷം വീതം കഠിനതടവ് വിധിച്ച് എന്‍ ഐ എ കോടതി. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ മുഹമ്മദ് അസ്ഹറുദീന്‍ (27), ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഐപിസി 120 (ഗൂഢാലോചന), യുഎപിഎ സെക്ഷന്‍ 38 (നിരോധിത സംഘടനയില്‍ അംഗത്വം), സെക്ഷന്‍ 39 (ഭീകര സംഘടനയെ പിന്തുണയ്ക്കുക) എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. മൂന്നു വകുപ്പുകളിലും എട്ടു വര്‍ഷം വീതം ശിക്ഷയാണ് വിധിച്ചിരിക്കുന്നതെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2022 കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസിലും പ്രതികളായ ഇരുവരും നിലവില്‍ ജയിലിലാണ്.

2016 - 17 സമയങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി യുവാക്കളെ ഐഎസിലേക്ക് ചേര്‍ക്കാന്‍ അസ്ഹറുദീന്റെ നേതൃത്വത്തില്‍ ശ്രമം നടന്നതായാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി തീവ്രനിലപാടുകളുള്ളവരുടെ ആശയങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരുമായി പങ്കുവച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുവാക്കളെ തീവ്രനിലപാടിലേക്ക് കൊണ്ടുവരികയായിരുന്നു ലക്ഷ്യം.

നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ആശയങ്ങള്‍ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളില്‍ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്ന കുറ്റം. ഐഎസിന്റെ ക്രൂരകൃത്യങ്ങള്‍ പറയുന്ന വീഡിയോകള്‍, തീവ്രനിലപാടുള്ള നേതാക്കളുടെ വീഡിയോകള്‍ തുടങ്ങിയവ യുവാക്കളിലേക്ക് എത്തിക്കുക ഐഎസിന്റെ ആശയപ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ തെളിഞ്ഞതായാണ് എന്‍ഐഎ കോടതി കണ്ടെത്തിയിരിക്കുന്നത്.

2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരനായ ഐ എസ് നേതാവ് സഹ്‌റാന്‍ ഹാഷിമിന്റേത് ഉള്‍പ്പെടെയുള്ള പ്രസംഗങ്ങളും മറ്റും പ്രതികളുടെ ഫോണുകളില്‍ നിന്നു കണ്ടെടുത്തിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ശ്രീലങ്കന്‍ സ്‌ഫോടനത്തിനു ശേഷമാണ് എന്‍ഐഎയുടെ ശ്രദ്ധ അസ്ഹറുദീനിലേക്കും ഷെയ്ക്കിലേക്കും എത്തുന്നത്. തുടര്‍ന്ന് ഇരുവരും പിടിയിലാവുകയായിരുന്നു.

ഐ എസിലേക്ക് ആളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി 2017 മുതല്‍ അസ്ഹറുദീന്‍ നിരവധി തവണ കേരളത്തിലും എത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്‍ഐഎ ആറു പേര്‍ക്കെതിരെയാണ് തുടക്കത്തില്‍ കേസെടുത്തതെങ്കിലും രണ്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. കോയമ്പത്തൂരിലെ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇരുവരും നിലവില്‍ വെല്ലൂര്‍ ജയിലിലാണ് കഴിയുന്നത്. കേസിന്റെ വിധി പറയുന്നതിന്റെ ഭാഗമായി ഇരുവരെയും ഇന്ന് കൊച്ചിയിലെത്തിയിരുന്നു.

Similar News