കടുവയെ കൊന്ന് തോലരിച്ചു; പല്ലും നഖങ്ങളുമായി ലക്ഷങ്ങള്‍ കൊയ്യാന്‍ ഇറങ്ങിയ ഏഴംഗ സംഘം കുടുങ്ങി; കര്‍ണാടകയിലെ വേട്ടക്കാരിലേക്ക് അന്വേഷണം; മാഫിയാ സംഘം റിമാന്‍ഡില്‍
കണ്ണൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന കടുവത്തോലും നഖങ്ങളും പല്ലുകളുമായി വിപണി തേടിയിറങ്ങിയ വന്‍ സംഘത്തെ വനംവകുപ്പും ഫോറസ്റ്റ് വിജിലന്‍സും ചേര്‍ന്ന് വലയിലാക്കി. തലശ്ശേരി കതിരൂരില്‍ വെച്ച് നടന്ന നാടകീയ നീക്കത്തിലാണ് ഏഴംഗ സംഘം പിടിയിലായത്. കര്‍ണാടക വനത്തിലെ നായാട്ടുസംഘങ്ങളില്‍ നിന്ന് ശേഖരിച്ച കടുവ അവശിഷ്ടങ്ങള്‍ കേരളത്തില്‍ വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പിടിയിലായ പ്രതികളെ തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.
കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ നിതിന്‍ രാജ് ടി.യുടെയും കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സിന്റെയും സംയുക്ത നീക്കമാണ് വന്യജീവി വേട്ടക്കാരെ പൂട്ടിയത്. കതിരൂരില്‍ വെച്ച് ആദ്യം പിടിയിലായത് എരുവട്ടി സ്വദേശി അശ്വിന്‍, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ്, ബാലന്‍ എന്നിവരാണ്. ഇവരില്‍ നിന്ന് കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താനുപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മാഫിയയുടെ വലിയ കണ്ണികള്‍ പുറത്തായത്.
ബാംഗ്ലൂരില്‍ നിന്നും തോലുമായി വരികയായിരുന്ന കല്ലിക്കണ്ടി സ്വദേശി ശരത് കെ.കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി എന്നിവരെയും ചെറുവാഞ്ചേരി സ്വദേശി വിതുല്‍, മലാല്‍ സ്വദേശി രഖില്‍ എന്നിവരെയും പിന്നാലെ പിടികൂടി. കര്‍ണാടകയില്‍ നിന്നാണ് കടുവത്തോല്‍ എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. കടത്തിനായി ഉപയോഗിച്ച ഇന്നോവ കാറും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ലക്ഷക്കണക്കിന് രൂപയ്ക്ക് ഇവ വിറ്റഴിക്കാനായിരുന്നു പ്രതികളുടെ പ്ലാന്‍.
കര്‍ണാടക വനമേഖലയില്‍ സജീവമായ നായാട്ടുസംഘങ്ങളില്‍ നിന്നാണ് കടുവയുടെ അവശിഷ്ടങ്ങള്‍ ഇവര്‍ സംഘടിപ്പിക്കുന്നത്. കടുവയെ കൊന്ന് തോലരിച്ച് വില്‍പന നടത്തുന്ന വന്‍ മാഫിയ തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ നിതിന്‍ രാജിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രമ്യ, വിപീഷ്, മുകേഷ്, പ്രിയ, ഷിനില്‍ എന്നിവരടങ്ങിയ സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. അന്തര്‍സംസ്ഥാന ബന്ധമുള്ള കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
