പന്തളത്ത് 'തിരുവാഭരണ പാതയില്‍' നടന്ന ആസൂത്രിത കവര്‍ച്ച; പ്രവാസിയുടെ വീട്ടില്‍ നിന്നും 52 പവന്‍ സ്വര്‍ണം കവര്‍ന്ന സംഘത്തെ കുരുക്കിയത് വെളുത്ത സ്വിഫ്റ്റ് കാര്‍ തേടിയുള്ള അന്വേഷണം; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

Update: 2026-02-08 11:29 GMT

പന്തളം: വീടിന്റെ മുന്‍ വാതില്‍ കുത്തി തുറന്ന് വീട്ടിനുള്ളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 51. 5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേര്‍ പന്തളം പോലീസിന്റെ പിടിയിലായി . തമിഴ്‌നാട് തിരുനെല്‍വേലി തിരുക്കുറു കുടി സ്വദേശിയായ ഇസക്കി രമേശ് (32) തമിഴ്‌നാട് നല്ലന്‍കുളം വള്ളിയൂര്‍ സമാധാന പുരം സ്വദേശിയായ ഗണേഷ് (23)എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജനുവരിമാസം 29 ആം തീയതി വെളുപ്പിന് 3.30 മണിയോടെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന റോഡിനോട് ചേര്‍ന്നുള്ള പന്തളം കൈപ്പുഴ ഭാഗത്തുള്ള ഒരു വീട്ടില്‍ നിന്നുമാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച പോയത്. വീട്ടുടമയും കുടുംബവും വിദേശത്താണ്. 29 ആം തീയതി കാലത്ത് വീട്ടിലെത്തിയ വീട്ടുടമയുടെ മാതാവാണ് മോഷണം വിവരം അറിയുന്നത്. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

പ്രതികളെ എത്രയും കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിലേക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ്പ്രത്യേകം അന്വേഷണ സംഘം രൂപീകരിച്ചു. അടൂര്‍ ഡി. വൈ. എസ്. പി.ജി സന്തോഷ്‌കുമാര്‍, കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് റ്റി. ഡി. സബ് ഇന്‍സ്പെക്ടര്‍ യു. വി വിഷ്ണു ഡാന്‍സഫ് ടീം അംഗങ്ങളായ സുജിത്ത്,മിഥുന്‍ ജോസ്, ബിനു, ജിതിന്‍, ഷെഫീക്ക്, ശ്രീരാജ്, വിമല്‍ എന്നിവര്‍ അടങ്ങിയ സംഘം കേസിലെ പ്രതികളെ തുടര്‍ച്ചയായി അന്വേഷിച്ചു വരികയായിരുന്നു.

വിവിധ സംഘ ങ്ങളായി തിരിഞ്ഞു ജില്ലയിലെ 500 ഓളം സി. സി. റ്റി. വി ക്യാമറ കള്‍ പരിശോധന നടത്തി. തുടര്‍ന്ന് സംശയാസ്പദമായ കാണപ്പെട്ട വെളുത്ത സ്വിഫ്റ്റ് കാര്‍ കേന്ദ്രികരിച്ചു അന്വേഷണം നടത്തുകയും അന്വേഷണത്തില്‍ ടി കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് വെളിപ്പെടുകയും ചെയ്തു. തുടര്‍ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ വെച്ച് കാര്‍ കണ്ടെത്തുകയും പ്രതികളിലേക്ക് എത്തി ചേരുകയുമായിരുന്നു.

ആഴ്ചകളായിനടത്തിയ ഏറ്റവും ശ്രമകരവും ക്ലേശകരവുമായ അന്വേഷണമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയത്. പ്രതികള്‍ കര്‍ണാടകയിലും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടോ ഉണ്ടോയെന്നും അന്വേഷണസംഘം ഊര്‍ജ്ജിതമായി അന്വേഷിച്ചു വരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നുണ്ട്

Similar News