ബൈക്കിന്റെ ഹെഡ്ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നത് കണ്ടു; കുഴിയില്‍ വീണ യുവാവിനെ കണ്ടിട്ടും രക്ഷിക്കാതെ മടങ്ങി; പൊലീസിനെ അറിയിച്ചില്ല; ഡല്‍ഹി ജലബോര്‍ഡിന്റെ അനാസ്ഥയില്‍ പൊലിഞ്ഞത് 25 വയസ്സുകാരന്‍; ഉപകരാറുകാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ജനക്പുരിയില്‍ ജലബോര്‍ഡിനായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ കമല്‍ ധ്യാനി (25) മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അപകടം നടന്ന വിവരം അറിഞ്ഞിട്ടും പരിക്കേറ്റ യുവാവിനെ രക്ഷിക്കാനോ പൊലീസിനെ അറിയിക്കാനോ തയ്യാറാകാതെ മുങ്ങിയ ഉപകരാറുകാരന്‍ രാജേഷ് കുമാര്‍ പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 5-ന് അര്‍ധരാത്രിയാണ് അപകടം നടന്നത്. രോഹിണിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന വിപിന്‍ സിങ്ങും കുടുംബവും കമല്‍ കുഴിയിലേക്ക് വീഴുന്നത് നേരില്‍ കണ്ടു. അവര്‍ ഉടന്‍ തന്നെ സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ വഴി വിവരമറിഞ്ഞ ഉപകരാറുകാരന്‍ പ്രജാപതി 20 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയെങ്കിലും കമലിനെ സഹായിക്കാതെ മടങ്ങുകയായിരുന്നു.
രാത്രി 12.22-ന് തന്നെ വിവരമറിഞ്ഞിട്ടും ആരും രക്ഷാപ്രവര്‍ത്തനം നടത്തിയില്ല. ബൈക്കിന്റെ ഹെഡ്‌ലൈറ്റ് അപ്പോഴും തെളിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. രാവിലെ 8 മണിക്ക് മകനെ സ്‌കൂളില്‍ വിടാന്‍ പോയ ഒരു യുവതിയാണ് കുഴിയില്‍ കമലും ബൈക്കും കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അവര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ അപ്പോഴേക്കും എട്ടു മണിക്കൂറിലധികം കുഴിയില്‍ കിടന്ന കമല്‍ മരണപ്പെട്ടിരുന്നു. അന്വേഷണത്തില്‍ ഡല്‍ഹി ജലബോര്‍ഡിന്റെയും കരാറുകാരുടെയും ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതായി പൊലീസ് കണ്ടെത്തി. റോഡില്‍ കുഴിച്ച കുഴിയില്‍ വീണ് ഇരുപത്തിയഞ്ചുകാരനായ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഗുരുതര അനാസ്ഥ പുറത്തായതോടെ പൊലീസ് ഉപകരാറുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രോഹിണിയിലെ ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുത്തശേഷം സാഗര്‍പുരിലെ വീട്ടിലേക്കു മടങ്ങുകയായിരുന്ന വിപിന്‍ സിങ്ങും കുടുംബവുമാണ് കമല്‍ ധ്യാനിയും ബൈക്കും കുഴിയില്‍ വീഴുന്നതിന്റെ ദൃക്‌സാക്ഷികള്‍. ഉടന്‍തന്നെ അവര്‍ സമീപത്തുള്ള റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ സുരക്ഷാ ജീവനക്കാരനെ വിവരം അറിയിച്ചു. അയാള്‍ കരാറുകാരന്റെ തൊഴിലാളിയായ യോഗേഷിനെ വിവരം അറിയിച്ചു. ഇയാള്‍ ഉപകരാറുകാരനായ രാജേഷ് കുമാര്‍ പ്രജാപതിയെ വിളിച്ച് അറിയിച്ചെന്നും ഡല്‍ഹി വെസ്റ്റ് ഡിസിപി ധാരഡെ ശരദ് ഭാസ്‌കര്‍ പറഞ്ഞു.
''യോഗേഷ് കുഴിയിലേക്കു നോക്കിയപ്പോള്‍ ബൈക്കിന്റെ ഹെഡ്ലൈറ്റ് തെളിഞ്ഞുനില്‍ക്കുന്നതു കണ്ടതാണ്. ഇയാള്‍ 12.22ന് പ്രജാപതിയെ അറിയിച്ചു. ഇത് കോള്‍ രേഖകളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. പ്രജാപതി 15-20 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. എന്നാല്‍ അവസ്ഥ കണ്ടിട്ടും അതു ഗൗനിക്കാതെ പോകുകയായിരുന്നു.'' - ഡിസിപി അറിയിച്ചു. കമല്‍ ധ്യാനി മരിച്ചതിനു പിന്നാലെ യോഗേഷ് ഒളിവില്‍പ്പോയി. ജന്മനാടായ യുപിയിലെ ഇറ്റാവയിലേക്ക് കടന്നുവെന്നാണ് പൊലീസ് കരുതുന്നത്.
രാവിലെ 8.03ന് മകനെ സ്‌കൂളില്‍ വിടാനെത്തിയ യുവതിയാണ് കമല്‍ ധ്യാനിയും ബൈക്കും കുഴിയില്‍ കിടക്കുന്നത് കണ്ടതും പൊലീസിനെ അറിയിച്ചതും. ''രാവിലെ എട്ടുമണിയോടെ മകനെ സ്‌കൂളിലേക്ക് വിടാന്‍ പോയപ്പോഴാണ് കുഴിയില്‍ ബൈക്ക് വീണു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ സെക്യൂരിറ്റി ഗാര്‍ഡിനെ അറിയിച്ചു. അയാള്‍ അക്കാര്യം ഗൗനിച്ചില്ല (രാത്രിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡ് അപ്പോഴേക്കും മാറിയിരുന്നു). കൂടുതല്‍ ആളുകള്‍ എത്തിയപ്പോള്‍ അവരോട് പൊലീസിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അനങ്ങിയില്ല. പിന്നാലെയാണ് അവര്‍തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചത്'' - യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
സ്ഥലത്തെത്തിയ പ്രജാപതി രണ്ടു-മൂന്നുപേരെ വിളിച്ചു. പക്ഷേ, പൊലീസിനെ വിളിച്ചില്ല. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ താന്‍ പേടിച്ചുപോയെന്നായിരുന്നു പ്രജാപതിയുടെ വിശദീകരണം. കോവിഡിനുശേഷമാണ് കണ്‍സ്ട്രക്ഷന്‍ രംഗത്തേക്ക് ഇറങ്ങിയത് എന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞി. രാത്രി പ്രജാപതി വിളിച്ചവരെ ചോദ്യം ചെയ്യാനിരിക്കുകയാണ് പൊലീസ്. അതേസമയം, ജനുവരി 5ന് ഉച്ചയ്ക്കുശേഷമാണ് ഇവിടെ കുഴിയെടുത്തതെന്ന് വ്യക്തമായി. നേരത്തേ ഇതിനടുത്ത് ഒരു കുഴിയുണ്ടായിരുന്നത് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇതു പുതിയ കുഴിയായിരുന്നു. മുന്നറിയിപ്പു ബോര്‍ഡുകള്‍ വച്ചിരുന്നുമില്ല.
സ്ഥലത്ത് ബാരിക്കേഡുകളോ മുന്നറിയിപ്പ് ചിഹ്നങ്ങളോ റിഫ്‌ലക്ടറുകളോ വെളിച്ചമോ സ്ഥാപിക്കാത്തതില്‍ ഡല്‍ഹി ജലബോര്‍ഡും കരാറുകാരും വീഴ്ച വരുത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുഴികള്‍ മരണകാരണമാകുമെന്നു വ്യക്തമായിരുന്നെങ്കിലും കരുതല്‍ നടപടികള്‍ എടുക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയോ ചെയ്യാത്തതും വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞു.
