ക്ലാസ് മുറിയില്‍ രക്തപ്പുഴ, സഹപാഠികള്‍ നോക്കി നില്‍ക്കെ നിയമ വിദ്യാര്‍ഥിനിയുടെ തലയ്ക്ക് വെടിവെച്ചു! പിന്നാലെ സ്വയം വെടിയുതിര്‍ത്ത് യുവാവും; പ്രണയപ്പകയില്‍ വിറച്ച് വിദ്യാര്‍ഥികള്‍; പഞ്ചാബിലെ ലോ കോളേജിലെ ആ നിമിഷങ്ങള്‍ സിസിടിവിയില്‍!
ചണ്ഡീഗഢ്: പഞ്ചാബില്‍ ക്ലാസ്മുറിയില്‍ സഹപാഠികള്‍ നോക്കി നില്‍ക്കെ വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു. യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. പ്രണയപ്പകയെന്ന് സംശയിക്കുന്ന ആക്രമണത്തില്‍ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥി സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഉസ്മ ഗ്രാമത്തിലെ ലോ കോളേജിലായിരുന്നു നാടകീയമായ ഈ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സന്ദീപ് കൗര്‍ എന്നാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേര്. പ്രിന്‍സ് രാജ് എന്ന യുവാവാണ് പെണ്‍കുട്ടിയെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത്ത്. ക്ലാസ്മുറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉസ്നയിലെ മായ് ഭാഗോ ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.
നൗഷേര പന്നുവന്‍ സ്വദേശിനിയായ സന്ദീപ് കൗര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജലന്ധര്‍ മാലിയന്‍ സ്വദേശിയാണ് പ്രിന്‍സ് രാജ്. സന്ദീപ് കൗറിനെ വെടിവെച്ച ശേഷം ഇയാള്‍ സ്വന്തം തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ ക്ലാസ്സിലെത്തിയ പ്രിന്‍സിനോട് സന്ദീപ് എന്തോ സംസാരിച്ചെങ്കിലും അയാള്‍ പ്രതികരിക്കാതെ നടന്നുപോയി. സന്ദീപ് ക്ലാസ്സില്‍ നിന്ന് പുറത്തേക്ക് പോയപ്പോള്‍ പ്രിന്‍സ് പിന്നാലെ പോവുകയും മറ്റൊരു സഹപാഠി ഇരുവരെയും അനുനയിപ്പിച്ച് തിരികെ ക്ലാസ്സിലേക്ക് കൊണ്ടുവരികയും ചെയ്തു. സന്ദീപ് പുറകിലെ ബെഞ്ചില്‍ ഇരുന്നപ്പോള്‍ തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന പ്രിന്‍സ് പെട്ടെന്ന് ബാഗില്‍ നിന്ന് പിസ്റ്റള്‍ പുറത്തെടുത്ത് സന്ദീപിന്റെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്ന് ചുവടുകള്‍ മുന്നോട്ട് വെച്ച പ്രിന്‍സ് സ്വന്തം തലയിലേക്കും വെടിയുതിര്‍ത്തു.
രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ക്ലാസിലേക്ക് കയറിവന്ന പ്രിന്‍സ് സന്ദീപ് കൗറിനടുത്തേക്ക് എത്തുകയും ഇരുവരും സംസാരിക്കാനായി മുറിയുടെ പിന്‍ഭാഗത്തേക്ക് പോവുകയുമായിരുന്നു. മറ്റൊരു പെണ്‍കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സംസാരത്തിനിടെ ബാഗില്‍ നിന്നും തോക്കെടുത്ത യുവാവ് നിമിഷങ്ങള്‍ക്കകം പെണ്‍കുട്ടിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പെണ്‍കുട്ടി വീണയുടന്‍ തന്നെ ഇയാള്‍ സ്വന്തം തലയ്ക്കും വെടിവെച്ചു. ഈ സമയം ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പൊലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൊലയ്ക്ക് കാരണം പ്രണയബന്ധം സംബന്ധിച്ച മുന്‍വൈരാഗ്യമാണ് എന്നാണ് പ്രാഥമിക നിഗമനം.
