'ഭൂമിയിലെ മാലാഖമാര്‍ എന്ന് പറയുന്ന ഡോക്ടര്‍മാരും ജീവനക്കാരുമാണ് എന്റെ കുഞ്ഞിന്റെ ജീവനെടുത്തത്; മകള്‍ എങ്ങനെയാണ് വെന്തുമരിച്ചതെന്ന് ഭാര്യയോട് പറയാന്‍ പോലും എനിക്ക് ധൈര്യമില്ല'; പിറന്ന് വീണ നവജാത ശിശുവിനെ ഒരുനോക്കു കാണാനായില്ല; ഇന്‍ക്യുബേറ്ററിലാക്കിയ കുഞ്ഞ് വെന്തുമരിച്ചതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആശുപത്രിയില്‍ എന്‍ഐസിയുവില്‍ തീപിടിത്തം. ഗുരുതരമായി പൊള്ളലേറ്റ് നവജാത ശിശുവിന് ദാരുണാന്ത്യം. കാണ്‍പൂരിലെ സ്വകാര്യ നഴ്‌സിങ് ഹോമില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ജനിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വിശദമാക്കി ഇന്‍ക്യുബേറ്ററിലാക്കിയ നവജാത ശിശുവാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ സ്ഥാപിച്ചിരുന്ന വോര്‍മര്‍ മെഷീന് തീപിടിച്ചാണ് അപകടമുണ്ടായത്. ജനിച്ചു മണിക്കൂറുകള്‍ക്കകം ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം കുഞ്ഞ് വെന്തുമരിക്കുകയായിരുന്നു. ബിത്തൂരിലെ ബ്രഹ്‌മനഗര്‍ ഏരിയയിലുള്ള രാജാ നഴ്‌സിംഗ് ഹോമിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുഞ്ഞിനെ ജനിച്ചയുടനെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് എന്‍ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് തീപിടിത്തമുണ്ടായത്.
കുഞ്ഞിന്റെ മുഖം, നെഞ്ച്, വയര്‍, തുടകള്‍ എന്നിവിടങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റു. ഗുരുതര പൊള്ളലേറ്റ് നവജാത ശിശുവിന്റെ ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. കുഞ്ഞിന്റെ മരണത്തില്‍ പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പിന്നാലെ കുഞ്ഞിന്റെ അമ്മായി ബിത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ആശുപത്രിക്ക് എതിരെ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഇന്‍ക്യുബേറ്ററില്‍ വച്ച വിവരം ജീവനക്കാര്‍ മറന്ന് പോയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ എന്‍ഐസിയും പൂട്ടി.
കുഞ്ഞിന്റെ ജനനം ആശുപത്രി അധികൃതര്‍ അറിയിച്ചില്ലെന്നും ഒന്നര മണിക്കൂര്‍ വൈകി ശുചീകരണ തൊഴിലാളിയാണ് അറിയിച്ചതെന്നും പരാതിയില്‍ പറയുന്നു. കുറച്ചുസമയത്തിന് ശേഷം, എന്‍ഐസിയുവില്‍ തീപിടിത്തമുണ്ടായതായും വാര്‍ഡ് ആകെ പുക നിറഞ്ഞതായും കുടുംബം അറിഞ്ഞു. അപകടത്തില്‍ കുഞ്ഞിന് സാരമായി പൊള്ളലേറ്റതായി ആശുപത്രി ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. വയറ്റിലും മുഖത്തും നെഞ്ചിലുമാണ് കുഞ്ഞിന് പൊള്ളലേറ്റതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിക്കുകയും കകാഡിയോയിലെ മറ്റൊരു സ്വകാര്യ കുട്ടികളുടെ നഴ്സിങ് ഹോമിലേക്ക് മാറ്റണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ കകാഡിയോയിലെ ആശുപത്രിയിലെത്തിക്ക് മാറ്റുംമുമ്പ് തന്നെ കുഞ്ഞ് മരിക്കുകയായിരുന്നെന്നും കുഞ്ഞിന്റെ മാതാവിന്റെ സഹോദരി നല്‍കിയ പരാതിയില്‍ വിശദമാക്കുന്നു.
സംഭവം നടന്ന് അഞ്ച് മണിക്കൂറോളം കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ബക്കര്‍ഗഞ്ച് നിവാസിയായ അരുണ്‍ നിഷാദിന്റെ കുഞ്ഞാണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അരുണ്‍ നിഷാദിന്റെ ഭാര്യ ബിട്ടുവിന് ഞായറാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഭാര്യയെ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സിസേറിയനിലൂടെ ബിട്ടു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു ഇത്.
പ്രസവശേഷം അമ്മയെ വാര്‍ഡിലേക്കും കുഞ്ഞിനെ എന്‍ഐസിയുവിലേക്കും മാറ്റി. എന്നാല്‍ കുഞ്ഞിനെ കിടത്തിയിരുന്ന വോര്‍മര്‍ മെഷീന് തീപിടിച്ച് കുഞ്ഞ് മരിക്കുകയായിരുന്നു. നാലഞ്ച് മണിക്കൂറോളം ആശുപത്രി ജീവനക്കാര്‍ ഈ വിവരം മാതാപിതാക്കളില്‍ നിന്ന് മറച്ചുവെച്ചുവെന്നാണ് ഉയരുന്ന ആരോപണം. കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അഡ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. രാത്രി വൈകിയും കുഞ്ഞിനെ കാണിക്കാതെ വന്നപ്പോള്‍ വീണ്ടും ചോദിച്ചപ്പോഴാണ് അവര്‍ വിവരം പറയുന്നത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് എന്റെ മകളുടെ മരണത്തിന് കാരണം. ഈ ആശുപത്രി പൂട്ടിക്കണം, എല്ലാ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് ദാരുണമായി മരിച്ച നവജാത ശിശുവിന്റെ പിതാവ് അരുണ്‍ നിഷാദ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.ഭൂമിയിലെ ദൈവങ്ങളെന്ന് പറയുന്ന ഡോക്ടര്‍മാരും ജീവനക്കാരുമാണ് എന്റെ കുഞ്ഞിന്റെ ജീവനെടുത്തത്. മകള്‍ എങ്ങനെയാണ് വെന്തുമരിച്ചതെന്ന് ഭാര്യയോട് പറയാന്‍ പോലും എനിക്ക് ധൈര്യമില്ലന്നും അരുണ്‍ നിഷാദ് കണ്ണീരോടെ പറയുന്നത്.
കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചപ്പോള്‍, വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ആശുപത്രി അധികൃതര്‍ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ബന്ധുക്കള്‍ ആരോപിച്ചു. ഇതോടെയാണ് കുഞ്ഞിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയത്. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.കുഞ്ഞിനെ ഒരു തവണ പോലും ജീവനോടെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് നെഞ്ചുപൊട്ടി കുഞ്ഞിന്റെ അമ്മ ബിട്ടു പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ മെഡിക്കല്‍ ഓഫീസര്‍ റമിത് റസ്‌തോഗി അറിയിച്ചു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
