'മസ്തിഷ്‌കമരണം' സിനിമയുടെ പ്രമോഷനായി പോകവെ അപകടം; നിരഞ്ജ് മണിയന്‍പിള്ള രാജു സഞ്ചരിച്ച വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; യുവതാരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂരില്‍വെച്ചാണ് സംഭവം. മസ്തിഷ്‌ക മരണം എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി പോകുമ്പോള്‍ നിരഞ്ജും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് നിരഞ്ജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്. നടന്‍ മണിയന്‍പിള്ള രാജു വാഹനാപകടത്തില്‍പ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകന്‍കൂടിയായ നിരഞ്ജ് സഞ്ചരിച്ച വാഹനവും അപകടത്തില്‍പെട്ടത്.
അപകടത്തെക്കുറിച്ച് നിരഞ്ജ് തന്നെ സിനിമാ പ്രൊമോഷനിടെ വിശദീകരിച്ചു. 'മസ്തിഷ്‌കമരണം' എന്ന സിനിമയുടെ പ്രമോഷനായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. 'വന്ന വഴിക്ക് വണ്ടി തട്ടി. എനിക്ക് കുഴപ്പമൊന്നും ഇല്ല, വണ്ടിക്ക് നല്ല പ്രശ്‌നമുണ്ട്. ഒരു കെ.എസ്.ആര്‍.ടി.സി ബസ് ആണ് ഞങ്ങളുടെ വണ്ടിയില്‍ വന്നിടിച്ചത്. വളവ് തിരിഞ്ഞപ്പോഴാണ് ബസ് വന്നു ഇടിച്ചത്. എന്തായാലും കുഴപ്പമൊന്നും ഇല്ല,' നിരഞ്ജ് മണിയന്‍പിള്ള രാജു പറഞ്ഞു.
'ആവാസവ്യൂഹം', 'പുരുഷപ്രേതം' എന്നീ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. 'മസ്തിഷ്‌ക മരണം- എ ഫ്രാങ്കെന്‍ബൈറ്റിങ് ഓഫ് സൈമണ്‍സ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവര്‍ ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം കൂടിയാണിത്.
ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് മണിയന്‍പിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ട്രിവന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിര്‍ത്താതെ പോയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ മണിയന്‍പിള്ള രാജു, ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്ന് വെളിപ്പെടുത്തിയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വന്ന് തന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ മണിയന്‍പിള്ള രാജുവിനെ അറസ്റ്റ് ചെയ്തിരുന്നു.
