ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണം: കൊറിയന്‍ പ്രണയമോ അതോ മറ്റ് കെണികളോ? പോലീസ് കാണിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം; സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു

Update: 2026-02-11 06:56 GMT

കൊച്ചി: ചോറ്റാനിക്കരയില്‍ പതിനാറുകാരിപാറക്കുളത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം പാളിയെന്ന കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്ന് കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൈബറിലെ വിദഗ്ധരേയും ഉള്‍പ്പെടുത്തിയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. പോലീസിന്റെ മെല്ലെപ്പോക്കിനെതിരെ സ്‌കൂള്‍ അധ്യാപകര്‍ പോലും രംഗത്തെത്തിയതോടെയാണ് കൊച്ചി പോലീസ് പ്രതിരോധത്തിലായത്.

ജനുവരി 27-നാണ് വീടിനടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ ആദിത്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'കൊറിയന്‍ സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് താന്‍ പോകുന്നു' എന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കം. എന്നാല്‍ ഇത് വിശ്വസിക്കാന്‍ വീട്ടുകാരോ അധ്യാപകരോ തയ്യാറല്ല. കൊറിയന്‍ സൗഹൃദമല്ല കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് അധ്യാപകര്‍ ഉറപ്പിച്ചു പറയുന്നു. ആത്മഹത്യാ കുറിപ്പ് മറ്റാരെങ്കിലും എഴുതിപ്പിച്ചതാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറാകാതിരുന്നത് വലിയ വിവാദമായിരുന്നു. ഒടുവില്‍ ഫോണ്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് ചാറ്റുകളെല്ലാം പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. കൊറിയന്‍ സുഹൃത്തിനെക്കുറിച്ചുള്ള ഒരു സൂചനയും ഫോണിലില്ല. ഇതോടെയാണ് സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി എസ്‌ഐടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഫോണ്‍ ഇപ്പോള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.

പെണ്‍കുട്ടി മരിച്ചിട്ടും ഫോണ്‍ പരിശോധിക്കാന്‍ വൈകിയതിലൂടെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്ക് സമയം കിട്ടിയോ എന്ന സംശയം നാട്ടുകാര്‍ക്കുണ്ട്. ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതോടെ മാത്രമേ കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ട 'അദൃശ്യ കരം' ആരുടേതാണെന്ന് വ്യക്തമാകൂ. പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെ സത്യം പുറത്തു വരുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

Similar News