ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്! സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല; ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം
കാസര്‍കോട്: സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് നിഗമനം. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. എന്നാല്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ചിന്നു പാപ്പുവിനെ കുഡ്ലു ആസാദ് നഗറിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിനു പിന്നാലെ ആണ്‍സുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. നാട്ടുകാര്‍ ആദ്യം സംഭവസ്ഥലത്ത് എത്തുമ്പോള്‍ ചിന്നു താമസിച്ചിരുന്ന വാടകവീടിന്റെ വാതില്‍ തുറന്ന നിലയിലാണ് കണ്ടെത്തിയത്. ഇതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
കെ രേഷ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസവും മകള്‍ തന്നെ വിളിച്ചിരുന്നു എന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു. കുടുംബപ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല, കഴിഞ്ഞ ദിവസവും മകള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് അവള്‍ സംസാരിച്ചത്. എന്തിനാണ് മകള്‍ ഇങ്ങനെ ചെയതതെന്ന് അറിയില്ലെന്നായിരുന്നു ഗംഗാധരന്‍ ആരോപിച്ചിരുന്നു.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചിന്നു വാടക വീട്ടിലായിരുന്നു താമസം. മരണത്തിനു പിന്നില്‍ ആദ്യ ഭര്‍ത്താവിന് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ചിന്നുവിന്റെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
5 വര്‍ഷം മുന്‍പാണ് ചിന്നു പ്രണയിച്ച് വിവാഹം കഴിച്ചത്. ദാമ്പത്യ പ്രശ്‌നത്തെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി അകന്നു. ഈ ബന്ധത്തില്‍ 4 വയസ്സുള്ള മകനുണ്ട്. ചിന്നുവിന്റെ മാതാപിതാക്കള്‍ക്കൊപ്പം ആദൂരിലാണ് കുട്ടി താമസിക്കുന്നത്. ഏറെക്കാലമായി സമൂഹമാധ്യങ്ങളില്‍ ചിന്നു സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കാസര്‍കോട് ഭാഷയിലാണ് ചിന്നു വിഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷന്‍ വിഡിയോകളും ചെയ്തിരുന്നു.
