'ദിലീപിനെ കേസില്‍ നിന്ന് രക്ഷിച്ചു; ശിക്ഷയൊന്നും കിട്ടാതെ കേസില്‍ നിന്ന് രക്ഷപ്പെട്ടത് പൂജയുടെ ഫലം; ശാസ്ത്രജ്ഞന്‍മാര്‍ റോക്കറ്റ് വിക്ഷേപിക്കുന്നത് എന്നോടു ചോദിച്ചിട്ട്'; പോക്‌സോ കേസില്‍പ്പെട്ട മുരാരി തന്ത്രിയെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്

Update: 2026-02-11 14:45 GMT

തിരുവനന്തപുരം: പോക്‌സോ കേസില്‍ അറസ്റ്റിലായ ജ്യോത്സ്യന്‍ മുരാരി തന്ത്രിയെന്ന രാജന്‍ ബാബുവിനെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നു സ്വയം പ്രഖ്യാപിത തന്ത്രി പദത്തിലേക്കുള്ള ഇയാളുടെ വളര്‍ച്ച പെട്ടന്നായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുരാരി ജ്യോതിഷാലയത്തിലെ ആസ്ഥാന ജ്യോതിഷിയായി സ്വയം അവരോധിച്ചതോടെ രാജന്‍ബാബുവിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. ആഡംബര കാറുകളുടെ ഉള്‍പ്പെടെ ഉടമയാണ് ഇന്ന് രാജന്‍ബാബു. കടയ്ക്കലായിരുന്നു ആദ്യം ജ്യോതിഷാലയം. ചില പ്രശ്‌നങ്ങളുടെ പേരില്‍ അതു പൂട്ടേണ്ടി വന്നു. പിന്നീട് വെണ്ടാറിലും ഒടുവില്‍ അരീക്കലിലെ വീട്ടിലേക്കും പ്രവര്‍ത്തനം മാറ്റി. ദൂരദേശങ്ങളില്‍ നിന്നു പോലും ജ്യോത്സ്യനെ തേടി ആളുകള്‍ എത്തുമായിരുന്നെങ്കിലും പ്രദേശവാസികള്‍ കാര്യമായി പരിഗണിച്ചിരുന്നില്ല.

ഇതിനിടയില്‍ ഒമാനിലും ജ്യോതിഷാലയം തുറന്ന് സുല്‍ത്താന്റെ രോഗം ഭേദമാക്കാന്‍ പോയി എന്നാണ് നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനു പുറമേ ദുബായിലും മസ്‌കറ്റിലും ഓഫിസുകള്‍ തുറന്നെങ്കിലും വൈകാതെ പൂട്ടി. റീല്‍സിലും താരമായിരുന്ന രാജന്‍ബാബു ചാനല്‍ ചര്‍ച്ചകളിലും വരെ ഇടംപിടിച്ചു. ശാസ്ത്രജ്ഞന്‍മാര്‍ പോലും തന്നോടു ചോദിച്ചിട്ടാണു റോക്കറ്റ് വിക്ഷേപിക്കുന്നതെന്നും ഒരു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചയാളെ കൃത്യമായി പ്രവചിച്ചു എന്നുമൊക്കെയായിരുന്നു അവകാശവാദം. തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മവുമായി ബന്ധപ്പെട്ട് പണവും സ്വര്‍ണവും അപഹരിച്ചു എന്ന പരാതിയും ഇടയ്ക്ക് ഉയര്‍ന്നു. വിവാദമായതോടെ നഷ്ടപരിഹാരം കൊടുത്ത് അത് ഒതുക്കിത്തീര്‍ക്കാനായി ശ്രമം. വടക്കന്‍ ജില്ലയിലെ ഒരു വീട്ടിലെത്തി ബാധ ഒഴിപ്പിക്കുന്നതിനിടയില്‍ കര്‍മം വഴിവിട്ടതോടെ മര്‍ദനമേറ്റിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയ 16 കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയിലാണ് പുത്തൂര്‍ പൊലീസ് ഇയാളെ പിടികൂടിയത്. ഭരണിക്കാവിലെ ലോഡ്ജില്‍ നിന്നും അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദിലീപ് കേസ് അടക്കമുളള വിഷയങ്ങളില്‍ പ്രവചനം നടത്തിയെന്ന് അവകാശപ്പെട്ട് ഇയാള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ദിലീപിനെ കേസില്‍ നിന്നും കോടതി വെറുതെ വിട്ടത് താന്‍ കാരണമാണ് എന്ന് അവകാശപ്പെട്ട് മുരാരി തന്ത്രിയും രംഗത്ത് വരികയുണ്ടായി. തന്റെ പൂജയുടെ ഫലമായാണ് ദിലീപ് ശിക്ഷയൊന്നും കിട്ടാതെ കേസില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ദിലീപ് കേസ് കൂടാതെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട ഡ്രൈവര്‍ അര്‍ജുന്റെ വാഹനം കിടന്ന ദിശ താന്‍ പ്രവചിച്ചിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ മുരാരി തന്ത്രി പറയുന്നത് ഇങ്ങനെയാണ്- ''നിരവധി പേര്‍ തന്നോട് ചോദിക്കുന്നുണ്ട് ഷിരൂരില്‍ കാണാതായ പ്രിയ സഹോദരന്‍ അര്‍ജുനെ കണ്ട് കിട്ടുമോ എന്ന്. അര്‍ജുനെ കാണാതായ സ്ഥലത്തിന്റെ കോണ്‍ രാശിയില്‍ തന്നെ വാഹനവും അര്‍ജുനും ഉണ്ട്. നാളെ ഉച്ചയ്ക്ക് 12. 17ന് അകത്ത് അര്‍ജുനെ ലഭിക്കും. ഗ്രഹസ്ഥാനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വലിയ ദുരന്തം കാണാന്‍ സാധിക്കും'', എന്നാണ് മുരാരി തന്ത്രി പറയുന്നത്. ഇത് കൂടാതെ ഓയൂരില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയ സമയവും താന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്നും ഇയാള്‍ അവകാശപ്പെടുകയുണ്ടായി.

Similar News