തിരുവല്ല സ്പാ ബലാത്സംഗം ക്വട്ടേഷനല്ല; ചോദിച്ച പണം കിട്ടാത്ത ദേഷ്യത്തില്‍ കൂട്ടബലാത്സംഗം! ഗൂഢാലോചന വാദം തള്ളി പോലീസ്; ആറ് പ്രതികളും വലയില്‍; മരണ സുബിന്‍ അടക്കം കുറ്റസമ്മതം നടത്തി; വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെട്ടുവോ?

Update: 2026-02-12 03:12 GMT

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാല്‍സംഗ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കീഴടങ്ങിയത് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ. ആയാപറമ്പ് കാടാത്ത് വീട്ടില്‍ സാജന്‍ തോമസ് (23 ) , മഞ്ഞാടി ഊരേത്ര തൈമലയില്‍ കിരണ്‍ തോമസ് ( 22 ) എന്നിവരാണ് ബുധനാഴ്ച വൈകിട്ടോടെ സ്റ്റേഷനില്‍ നേരിട്ട് എത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ 6 പ്രതികളും പോലീസിന്റെ പിടിയിലായിട്ടുണ്ട്.

കേസിലെ ഒന്നാംപ്രതി മരണ സുബിന്‍ എന്ന് വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരില്‍ വീട്ടില്‍ വരുണ്‍കുമാര്‍ ( 36 ), ചുമത്ര കോഴിക്കോട്ട് പറമ്പില്‍ വീട്ടില്‍ രൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ്( 26 ) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി സുബിനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

കസ്റ്റഡിയില്‍ ലഭിച്ച സുബിനെ സ്പായില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുബിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിന്‍ അടങ്ങുന്ന ആറംഗ സംഘം 50000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് സ്പായില്‍ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ഇവരെ മര്‍ദ്ദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ കഴുത്തില്‍ കത്തി വെച്ച് അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സ്പായില്‍ എത്തിയ കസ്റ്റമര്‍ ആയ യുവാവിനെ മര്‍ദ്ദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്‌ന വീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു. ജീവനക്കാരിയില്‍ നിന്നും 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്ത് വിട്ട് ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തിറഞ്ഞത്. ബുധനാഴ്ച പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ അല്ലെന്ന് പോലീസ് വ്യക്തമാക്കി. ഗുണ്ടാ പിരിവ് നടത്താനാണ് പ്രതികള്‍ എത്തിയത്. പണം നല്‍കാതെ വന്നതോടെയാണ് ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായിരിക്കുന്നത്. സംഭവത്തിന്റെ പിന്നില്‍ ക്വട്ടേഷന്‍ ആണെന്ന് സ്ഥാപന ഉടമ ആരോപണം ഉന്നയിച്ചിരുന്നു.

Similar News