വര്‍ഷങ്ങളായി പ്രണയത്തില്‍; മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത് പ്രകോപനമായി; പ്രണയദിനത്തില്‍ കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കമിതാക്കളുടെ മൃതദേഹം; കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന 32കാരന്റെ കയ്യില്‍ ഒരു പിസ്റ്റള്‍; കാമുകിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയതെന്ന് സംശയം
ലക്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കാറിനകത്ത് യുവാവും യുവതിയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വാലന്റൈന്‍സ് ദിനത്തിലാണ് ദാദ്രി റോഡിലെ പില്ലര്‍ നമ്പര്‍ 84-ന് സമീപം സംശയകരമായ രീതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡല്‍ഹി ത്രിലോക്പുരി സ്വദേശിയായ സുമിത് (32), നോയിഡ സലാര്‍പുര്‍ സ്വദേശിനിയായ രേഖ (26) എന്നിവരാണ് മരിച്ചത്.
കാറില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുമിത്തിന്റെ കൈയില്‍ നിന്ന് ഒരു പിസ്റ്റള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കാര്‍ അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് സുമിത് താമസിക്കുന്നത്. രേഖ നോയിഡ സെക്ടര്‍ 58-ലും. വെള്ളിയാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു. സുമിത്തിന്റെയും രേഖയുടെയും കുടുംബങ്ങളെ പൊലീസ് വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സംഭവസ്ഥലം പരിശോധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. 15 വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍ എന്നാണ് വിവരം. ഇതിനിടെ രേഖയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചത് പ്രകോപിപ്പിച്ചതായി സുമിത്തിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു വരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.