വരനും വധുവും വിവാഹ വേദിയില്‍ ഫോട്ടോ എടുക്കുമ്പോള്‍ അതാ പിന്നില്‍ ഒരാള്‍; അതിഥിയെന്ന വ്യാജേനയെത്തി വധുവിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും പണവുമടങ്ങിയ ബാഗ് കവര്‍ന്നു; മോഷ്ടാവിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്
ജയ്പുര്‍: വിവാഹത്തിനെത്തിയ അതിഥിയാണെന്ന് നടിച്ച് സ്വര്‍ണം മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം. ജയ്പൂരിലാണ് സംഭവം. വിവാഹവിരുന്ന് നടക്കവേ വധുവും വരനും നില്‍ക്കുന്ന അതേ വേദിയില്‍ കയറിയാണ് മോഷണം നടത്തിയത്. നാല് ലക്ഷം രൂപയോളം മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. വിവാഹത്തിനെത്തിയ ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കള്ളനെ കണ്ടുപിടിച്ചത്.
ഫെബ്രുവരി ഏഴിന് ജഗത്പുരയിലെ 'ചന്ദന്‍ വണ്‍ മാരേജ് ഗാര്‍ഡനില്‍' നവീന്‍ കരോളിന്റെ വിവാഹ വിരുന്നിനിടെയായിരുന്നു സംഭവം. രാത്രി 10:15-ഓടെ വധുവും വരനും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്താണ് കള്ളന്‍ സ്റ്റേജിനടുത്തേക്ക് എത്തിയത്. ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് ബാഗിലുണ്ടായിരുന്നത്.
നല്ല രീതിയില്‍ വസ്ത്രം ധരിച്ച്, കയ്യില്‍ ഒരു ബ്ലേസറും പിടിച്ചാണ് ഇയാള്‍ വന്നത്. അതുകൊണ്ട് തന്നെ ആര്‍ക്കും സംശയം തോന്നിയില്ല. വേദിയിലെത്തിയ അതിഥികളെ സ്വീകരിച്ച് അവര്‍ക്കൊപ്പം ഫോട്ടോകള്‍ എടുക്കുന്ന തിരക്കിലായിരുന്നു വരനും വധുവും. സ്റ്റേജില്‍ വധൂവരന്മാര്‍ ഫോട്ടോയെടുക്കുന്ന തിരക്കിലായപ്പോള്‍, കള്ളന്‍ വളരെ സാവധാനം സ്റ്റേജില്‍ കയറി വധുവിന്റെ ബാഗ് കൈക്കലാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ ബാഗ് തന്റെ ബ്ലേസറിനുള്ളില്‍ ഒളിപ്പിച്ച് ഇയാള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറയുകയായിരുന്നു. വധൂവരന്മാരുടെ ഫോട്ടോഗ്രാഫര്‍ എടുത്ത വീഡിയോയിലാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞത്. ചടങ്ങ് കഴിഞ്ഞ് ബാഗ് കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്.
തുടര്‍ന്ന് വീഡിയോ റെക്കോര്‍ഡിംഗുകള്‍ പരിശോധിച്ചപ്പോഴാണ് 'അതിഥി'യുടെ തനിനിറം പുറത്തായത്. വരന്റെ സഹോദരന്‍ നിതിന്‍ കരോള്‍ പോലീസില്‍ പരാതി നല്‍കി. വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും ജയ്പൂര്‍ പോലീസ് അറിയിച്ചു. സന്തോഷം നിറഞ്ഞ വിവാഹ നിമിഷങ്ങള്‍ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ദുഃഖകരമായി മാറിയതിന്റെ ഞെട്ടലിലാണ് കുടുംബം.
വേദിയിലേക്ക് അതിഥികള്‍ക്കൊപ്പം കടന്നു വന്ന ഒരാള്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ കസേരയ്ക്ക് താഴെ വച്ചിരുന്ന ബാഗെടുത്ത് തന്റെ ബ്ലേസറിനുള്ളില്‍ ഒളിപ്പിച്ച് കടന്നുകളയുകയായിരുന്നു.
ചടങ്ങുകളിലും ഫോട്ടോഷൂട്ടിലുമായി കുടുംബാംഗങ്ങളും അതിഥികളും മുഴുകിയിരുന്നതിനാല്‍ ആ സമയത്ത് ആരും ഈ സംഭവം ശ്രദ്ധിച്ചില്ല. ഫോട്ടോ ഷൂട്ട് കഴിഞ്ഞതിന് ശേഷമാണ് വധുവിന് തന്റെ ബാഗ് കാണാനില്ലെന്ന് മനസ്സിലായത്. സഥലത്ത് നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് മോഷണമാണെന്ന് സ്ഥിരീകരിച്ചത്. വരന്റെയും വധുവിന്റെയും കുടുംബങ്ങളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
