കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ശുചിമുറിയില്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത് പ്രമുഖ കന്നഡ നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍? പണം നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഇന്‍സ്റ്റാഗ്രാം വഴി മെസേജ്; ആദ്യം സുഹൃത്തിനെ സമീപ്പിച്ചു, പിന്നാലെ നേരിട്ട് ബ്ലാക്ക് മെയിലിംഗ്; നടിയുടെ പരാതിയില്‍ അന്വേഷണം
ബെംഗളൂരു: കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ത്രോബോള്‍-ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് പകര്‍ത്തിയത് പ്രമുഖ കന്നഡ നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍. സൈബര്‍ അതിക്രമത്തില്‍ ഇരയായത് 32 വയസ്സുള്ള പ്രമുഖ കന്നഡ നടിയാണെന്ന് സ്ഥിരീകരിച്ചു. കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി ആദ്യവാരം നടന്ന പരിപാടിക്കിടെയാണ് താരത്തിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ അജ്ഞാതന്‍ ശുചിമുറിയില്‍ വെച്ച് രഹസ്യമായി പകര്‍ത്തിയത്. 32 വയസുകാരിയായ നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ശുചിമുറിയില്‍ വെച്ച് രഹസ്യമായി പകര്‍ത്തിയതായി പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതനായ ഒരാള്‍ പണം ആവശ്യപ്പെട്ട് നടിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായാണ് പരാതിയില്‍ പറയുന്നത്.
ഫെബ്രുവരി 6 മുതല്‍ 8 വരെ നടന്ന ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസമാണ് നടിക്ക് ദുരനുഭവത്തിന് ഇരയായത്. ഫെബ്രുവരി 13ന് ഇവര്‍ സൈബര്‍ ക്രൈം പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നല്‍കി. വനിതാ ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാം വഴി പ്രതി ആദ്യം യുവതിയുടെ സുഹൃത്തിനെയാണ് സമീപിച്ചത്. സുഹൃത്തിന്റെ അക്കൗണ്ട് നടിയുടേതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സന്ദേശം. ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ അവ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പണത്തിന് പുറമെ നടിയുമായി സ്വകാര്യ വീഡിയോ കോളുകള്‍ ചെയ്യണമെന്ന നിബന്ധനയും ഇയാള്‍ മുന്നോട്ടുവെച്ചു. വീഡിയോകളെയും ചിത്രങ്ങളെയും കുറിച്ച് അറിഞ്ഞ സുഹൃത്ത് ഉടന്‍ തന്നെ വിവരം യുവതിയെ അറിയിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന്, പ്രതി നടിയെ നേരിട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പണം നല്‍കണമെന്നും സ്വകാര്യ വീഡിയോ കോളുകള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട ഇയാള്‍, വഴങ്ങിയില്ലെങ്കില്‍ കൂടുതല്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സുഹൃത്തിനെയും ബ്ലാക്ക് മെയില്‍ ചെയ്തതിനാല്‍, ഇതില്‍ യഥാര്‍ത്ഥ ലക്ഷ്യം ആരെയായിരുന്നു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അന്വേഷണം ഊര്‍ജിതം
പ്രതി ഉപയോഗിച്ച ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഈ ദൃശ്യങ്ങള്‍ എവിടെനിന്നാണ് അപ്ലോഡ് ചെയ്തതെന്നും പ്രതിയുടെ യഥാര്‍ത്ഥ ഐഡന്റിറ്റി എന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. 'ഒരു സെലിബ്രിറ്റിയായതുകൊണ്ട് തന്നെ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിക്ക് വലിയ ഗൗരവമാണുള്ളത്. പ്രതിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.' - പോലീസ് വക്താവ് പറയുന്നു.
കോറമംഗലയിലെ ഹോട്ടലിലും സമാനമായ സംഭവം
കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു സംഭവം കോറമംഗലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 25ന് ഒരു പ്രമുഖ ഭക്ഷണശാലയിലെ ശുചിമുറിയില്‍ വെച്ച് തന്റെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതായി ഒരു യുവതി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഭിത്തിയിലെ വിടവിനുള്ളില്‍ ഒളിപ്പിച്ച നിലയിലുള്ള മൊബൈല്‍ ഫോണ്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ മാനേജറെ വിവരം അറിയിച്ചെങ്കിലും പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ പോലീസിനെ വിളിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുറ്റവാളിയെ കണ്ടെത്തുകയും അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായാണ് അയാള്‍ അവകാശപ്പെട്ടത്.
റീജിയണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഹോട്ടല്‍ ജീവനക്കാര്‍ നിയമനടപടികളില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി ആരോപിച്ചു. പിന്നീട് 'ആനന്ദ് സ്വീറ്റ്‌സ് ആന്‍ഡ് സേവറീസ്' എന്ന സ്ഥാപനം സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
