പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ശ്വാസതടസമാണ് മരണകാരണമെന്ന് ഡോക്ടര്‍; അനാസ്ഥയെന്ന് ബന്ധുക്കള്‍; നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രതിഷേധം

Update: 2026-02-17 15:25 GMT

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയിലൂടെ (സിസേറിയന്‍) പുറത്തെടുത്ത കുഞ്ഞ് മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ ആര്‍ഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിക്കുകയാണ്.

ഇന്നലെയാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു.

ബന്ധുക്കളുടെ പ്രതിഷേധത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഭാഗമായി. തുടര്‍ന്ന് സ്ഥലത്തെത്തിയ ആര്‍ഡിഒ ജയകുമാര്‍, ആരോപണം വിശദമായി അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കി. നിരഞ്ജനയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഇവര്‍ക്കെതിരെയാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്ത് വന്നത്.

Similar News