ആലപ്പുഴക്കാരിയുടെ ഫോട്ടോ വെച്ച് 'വിധവ' ചമഞ്ഞ് തട്ടിപ്പ്; കുഞ്ഞിന് അസുഖത്തിന്റെ പേരില്‍ അഞ്ഞൂറും ആയിരവും ചോദിച്ചുവാങ്ങി ആഡംബര ജീവിതം! ഒടുവില്‍ ആ മെസേജ് പണികൊടുത്തു; ദമ്പതികളെ സൈബര്‍ പോലീസ് കുടുക്കിയത് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം

Update: 2026-02-17 16:10 GMT

ആലപ്പുഴ: യുവതിയുടെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പണം തട്ടിയ ദമ്പതികള്‍ ആലപ്പുഴ സൈബര്‍ പോലീസിന്റെ പിടിയില്‍. മാവേലിക്കര തഴക്കര സ്വദേശി സുജിത്ത് വി.എസ് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സാന്ദ്രയെ (23) കേസില്‍ രണ്ടാം പ്രതിയാക്കി ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് നോട്ടീസ് നല്‍കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രതി സുജിത്ത് ആലപ്പുഴ സ്വദേശിയായ പരാതിക്കാരിയുടെ പ്രൊഫൈല്‍ ശ്രദ്ധിക്കുന്നതും അവരുടെ ചിത്രങ്ങള്‍ കൈക്കലാക്കി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കി പലരില്‍ നിന്നായി പണം തട്ടിയതും. തുടര്‍ന്ന് വളരെ ആസൂത്രിതമായ രീതിയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

ഭാര്യയുടെ ഫോണ്‍ നമ്പറും ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോകളും ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് സുജിത്ത് പരാതിക്കാരിയുടെ പ്രൊഫൈല്‍ പിന്തുടര്‍ന്ന് ഫോട്ടോകള്‍ കൈക്കലാക്കിയത്. തുടര്‍ന്ന് ആര്യ സാന്ദ്ര (Arya Sandra) എന്ന പേരില്‍ ആദ്യം വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചു. ഒക്ടോബറോടെ 'Sandra Suresh', 'Sandra Suresh Abhi' എന്നീ പേരുകളില്‍ രണ്ടു പ്രൊഫൈലുകള്‍ കൂടി ഉണ്ടാക്കി. താന്‍ വിധവയാണെന്നും കുഞ്ഞിന് അസുഖമാണെന്നും ചികിത്സയ്ക്കായി സഹായിക്കണമെന്നും പറഞ്ഞാണ് ഇവര്‍ പലരുമായി ചാറ്റ് ചെയ്തത്. ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പേടിഎം നമ്പറും നല്‍കി പലരില്‍ നിന്നായി അഞ്ഞൂറും ആയിരവും രൂപ വീതം ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ യഥാര്‍ഥ പ്രൊഫൈലില്‍ കുഞ്ഞിന്റെ അസുഖവിവരങ്ങള്‍ അന്വേഷിച്ച് മെസേജുകള്‍ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഫെബ്രുവരി 10ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വ്യാജ പ്രൊഫൈലുകളുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഏലിയാസ് പി ജോര്‍ജ്, എസ്‌ഐമാരായ ലിജിമോള്‍ പി റ്റി, ശരത് ചന്ദ്രന്‍ വി എസ്, സിപിഒമാരായ വിഷ്ണു ദേവാനന്ദ്, വിദ്യ ഓ കുട്ടന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി സുജിത്തിനെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രിയങ്ക എസ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോണ്‍ നമ്പര്‍ ഉടമയും ബാങ്ക് അക്കൗണ്ട് ജോയിന്റ് ഹോള്‍ഡറുമായ സാന്ദ്രയ്ക്ക് ഭാരതീയ നാഗരിക സുരക്ഷാ സംഹിത വകുപ്പ് 35(3) പ്രകാരം നോട്ടീസ് നല്‍കി രണ്ടാം പ്രതിയാക്കി. കേസില്‍ അന്വേഷണം തുടരുകയാണ്. പ്രതികളുടെ വ്യാജ അക്കൗണ്ടുകള്‍ വഴി പണം നഷ്ടപ്പെട്ടവര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Similar News