ആളൊഴിഞ്ഞ പുരയിടത്തില്‍ തലയോട്ടികളും മനുഷ്യന്റെ അസ്ഥികളും കണ്ടെത്തി; തലയോട്ടിയില്‍ വാസു വെന്നും അസ്‌നയെന്നും എഴുത്ത്: അന്വേഷണം തുടങ്ങി തിരുവല്ലം പോലിസ്
ആളൊഴിഞ്ഞ പുരയിടത്തില്‍ തലയോട്ടികളും മനുഷ്യന്റെ അസ്ഥികളും കണ്ടെത്തി
തിരുവനന്തപുരം: തിരുവല്ലത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും തലയോട്ടികള്‍ ഉള്‍പ്പെടെ മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. തലയോട്ടികളും കാലിന്റെയും വാരിയെല്ലുകളും അടക്കമുളള അസ്ഥികളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരുഹതയുളളതിനെ തുടര്‍ന്ന് തിരുവല്ലം പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. തിരുവല്ലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിഞ്ഞാറെ പൂങ്കുളത്ത് ആനക്കുഴി റോഡിന് അരികിലെ പുരയിടത്തിലുളള പ്ലാവിന്റെ ചുവട്ടില്‍ നിന്നാണ് പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തു നിന്നുമായി അസ്ഥികള്‍ കണ്ടെത്തിയത്. നേരിയ ദുര്‍ഗന്ധവും ഉണ്ടായിരുന്നു.
തൈക്കാട് സ്വദേശി അബ്ദുളളയുടെ പൂങ്കുളത്തിലുളള പുരയിടത്തില്‍ നിന്നും വ്യാഴാഴ്ച രാവിലെ പത്തോടെയായിയിരുന്നു അസ്ഥികള്‍ കണ്ടത്. ആള്‍താമസമില്ലാത്ത വീടാണിത്. എട്ടു സെന്റോളമുളള പുരയിടത്തിന്റെ ചുമതല സമീപവാസിയായ രാധാകൃഷ്ണനെയാണ് ഉടമയായ അബ്ദുളള ഏല്‍പ്പിച്ചിട്ടുളളത്. ഇന്നലെ രാധാകൃഷ്ണന്‍ പുരയിടത്തിലുളള പ്ലാവില്‍നിന്ന് ചക്കയിടുന്നതിനായി എത്തിയപ്പോഴാണ് കരിയിലക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന തലയോട്ടികളും പഴക്കം ചെന്ന കവറിനുളളിലുണ്ടായിരുന്ന മറ്റ് അസ്ഥികളും കാണുന്നത്.
ഭയന്നു പോയ രാധാകൃഷ്ണന്‍ ഉടന്‍ തന്നെ വിവരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തംഗമായ ബീനയെ വിവരമറിയിച്ചു. ഇവര്‍ തിരുവല്ലം പോലീസില്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് എസ്.എച്ച്.ഒ. ജെ. പ്രദീപിന്റെ നേത്യത്വത്തില്‍ എസ്‌ഐമാരായ മഹേഷ്, വിനോദ് കുമാര്‍, മോഹന്‍, എ.എസ്.ഐ. അനു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമെത്തി പരിശോധന നടത്തി. മുഴുവനായുളള ഒരു തലയോടിന്റെ പിന്നിലായി 'വാസു' എന്ന പേര് എഴുതിയിട്ടുണ്ട്. രണ്ടായി മുറിഞ്ഞ നിലയിലുണ്ടായിരുന്ന മറ്റൊരു തലയോടിന്റെ ഉളളിലായി 'അസ്‌ന' എന്നപേരും എഴുതിയിരുന്നു. പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുമായി മറ്റ് 25 അസ്ഥികളും പോലീസ് കണ്ടെടുത്തു.
അസ്ഥികള്‍ എങ്ങനെയാണ് അബ്ദുള്ളയുടെ വസതിയില്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫൊറന്‍സിക് വിഭാഗം സയന്റിഫിക് ഓഫീസര്‍ അഷിന്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോയില്‍ നിന്നെത്തിയ ഷമി എന്നിവരുള്‍പ്പെട്ടവര്‍ അസ്ഥികളും രണ്ടായി പൊട്ടിയ നിലയിലുളള തലയോട്ടിയും മുഴുവനായുളള തലയോട്ടിയും പരിശോധിച്ചു. തറയില്‍ ഉണ്ടായിരുന്ന തലയോട്ടികളില്‍ മാംസം ഉണങ്ങിപ്പോയതിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. നേരിയ ദുര്‍ഗന്ധവുമുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ. അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച അസ്ഥികൂടങ്ങളുടെ ഭാഗങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു. അസ്ഥികൂടങ്ങളുടെ പഴക്കം ഉള്‍പ്പെടെ ഫൊറന്‍സിക് ലാബിലെ പരിശോധനക്കുശേഷമേ അറിയാനാവുകയുള്ളൂവെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.
വളരെ പഴക്കമുളള പ്ലാസ്റ്റിക് കവറിനുളളിലാണ് അസ്ഥികൂടങ്ങളും തലയോട്ടികളും കണ്ടിരുന്നത്. കണ്ടെടുത്ത തലയോട്ടികള്‍ പുരുഷന്റെയാണോ സ്ത്രീയുടെയാണോ എന്ന് ഫൊറന്‍സിക് പരിശോധക്ക് ശേഷമേ പറയാനാകൂ. തലയോട്ടികളില്‍ പേര് എഴുതിയിരുന്നതിനാല്‍ സംഭവം വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലിസ്.
അതേസമയം, എം.ബി.ബി.എസ് ഒന്നും രണ്ടും വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായി ഇത്തരത്തില്‍ അസ്ഥികൂടങ്ങള്‍ നല്‍കാറുണ്ട്. ഇവര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അസ്ഥികൂടങ്ങളുടെ ഭാഗങ്ങളില്‍ ചിലപ്പോള്‍ പേരെഴുതിയിക്കാം. പഠനത്തിനുശേഷം വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചതാകാനും സാധ്യതയുണ്ടെന്നും ഐ.എം.എയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു മാത്യഭൂമിയോട് പറഞ്ഞു.
