എന്റെ വണ്ടിയുടെ താക്കോല്‍ ഊരിയാല്‍ നിന്റെ വണ്ടിയുടെയുടെയും താക്കോല്‍ ഊരും; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി ഓടിച്ചതിന് സ്‌കൂട്ടര്‍ പിടിച്ചെടുത്ത് എംവിഡി; മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനത്തിന്റെ താക്കോല്‍ ഊരിക്കൊണ്ടു പോയി പിതാവ്: അറസ്റ്റ് ചെയ്ത് പോലീസ്

Update: 2026-02-20 11:41 GMT

തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി ഓടിച്ച സ്‌കൂട്ടര്‍ പിടിച്ചെടുത്തതിന്റെ പ്രതികാരമായി എംവിഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ താക്കോല്‍ ഊരിക്കൊണ്ടു പോയ പിതാവ് അറസ്റ്റില്‍. പുളിക്കീഴ് പെരിങ്ങര പാണാറ ഹൗസില്‍ പി.എസ്. അജേഷ് (47) ആണ് പിടിയിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. തിരുവല്ല ആര്‍.ടി.ഓ എന്‍ഫോഴ്സ്മെന്റ്, സ്‌ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷെമീറും അസി. ഇന്‍സ്പെക്ടര്‍ ഷാജി ജോസഫും പൊടിയാടി വൈക്കത്തില്ലം ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അമ്പലപ്പുഴ ഭാഗത്തേക്ക് പെണ്‍കുട്ടി സ്‌കൂട്ടര്‍ ഓടിച്ച് വന്നത്. എഎംവിഐ ഷാജി ജോസഫ് കൈ കാണിച്ച് നിര്‍ത്തിയ ശേഷം വാഹനത്തിന്റെ രേഖകളും ഡ്രൈവറുടെ ലൈസന്‍സും ആവശ്യപ്പെട്ടു. വാഹനത്തിന്റെ രേഖകള്‍ ഒന്നും കൈവശം ഇല്ലെന്നും തനിക്ക് 17 വയസ്സേ ഉള്ളുവെന്നും അതിനാല്‍ ലൈസന്‍സ് എടുത്തിട്ടില്ലായെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇതോടെ എഎംവിഐ ഷാജി ജോസഫ് വാഹനം കസ്റ്റഡിയില്‍ എടുത്തു. ബന്ധപ്പെട്ടവരോട് വരാന്‍ പറയാന്‍ പെണ്‍കുട്ടിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് കുട്ടിയുടെ പിതാവ് അജേഷും മറ്റൊരാളും കൂടി സ്ഥലത്ത് എത്തി കസ്റ്റഡിയില്‍ എടുത്ത വാഹനം വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ എടുത്ത വാഹനത്തിന്റെ താക്കോല്‍ ഷാജി ജോസഫില്‍ നിന്നും ബലമായി പിടിച്ചെടുക്കാനും ശ്രമിച്ചു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത സ്‌കൂട്ടര്‍ വിട്ട് നല്‍കാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ വണ്ടിയും വിടില്ല എന്ന് പറഞ്ഞ് കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനാ സംഘം സഞ്ചരിച്ചിരുന്ന ടാറ്റാ നെക്സോണ്‍ ഇലക്ട്രിക് കാറിന്റെ ഡോര്‍ തുറന്ന് താക്കോല്‍ ഊരി എടുക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ആയിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം വിട്ടുനല്‍കി. എഎംവിഐയുടെ പരാതിയില്‍ കേസെടുത്ത പുളിക്കീഴ് പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News