ഫോളോവേഴ്‌സ് കൂടിയപ്പോള്‍ 'തനിനിറം' പുറത്ത്! വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചത് 26 യുവതികളെ; നഗ്‌നവീഡിയോ പകര്‍ത്തി ബ്ലാക്ക് മെയിലിംഗും പണം തട്ടലും; മൂന്ന് യുവതികളുടെ പരാതിയില്‍ തൃശൂരിലെ 'വ്‌ലോഗര്‍' യദു ഗിരീഷ് അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Update: 2026-02-20 13:56 GMT

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്‍സ്റ്റവ്ളോഗര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷാ(38)ണ് അറസ്റ്റിലായത്. മൂന്ന് യുവതികളുടെ പരാതിയിലാണ് നടപടി. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള വ്ളോഗറാണ് യദു ഗിരീഷ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പല സ്ഥലങ്ങളില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളുണ്ടെന്ന് തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് അറിയിച്ചു. യുവതികളുടെ നഗ്‌നവീഡിയോ ചിത്രീകരിച്ചായിരുന്നു ഭീഷണി. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഐ ടി ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു. പരാതിയെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ ഇരുപതിലേറെ യുവതികള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഈ യുവതികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് തൃശൂരിലെ ക്രൈം ഡിറ്റാച്ച്മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം.

ഇത്തരത്തില്‍ 26-ഓളം യുവതികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും ശേഷം വിവാഹവാഗ്ദാനം നല്‍കിയ ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

നിലവില്‍ ഇയാള്‍ക്കെതിരേ ലഭിച്ച മൂന്ന് പരാതികളില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ യുവതികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് പുറമെ യുവതികളുടെ നഗ്‌നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളില്‍നിന്ന് ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Similar News