ദീര്‍ഘകാലമായി പ്രണയം; ഒളിച്ചോടിയതോടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം; ചടങ്ങുകള്‍ക്കിടെ കുരച്ച വളര്‍ത്തുനായയെ വരന്റെ ബന്ധു തല്ലി; പിന്നാലെ വിവാഹ വേദിയില്‍ കൂട്ടത്തല്ല്; വിവാഹത്തില്‍ നിന്നും പിന്മാറി വധു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനെത്തിയ വരന്റെ ബന്ധുക്കള്‍ വധുവിന്റെ വളര്‍ത്തുനായയെ തല്ലിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ഫത്തേപ്പൂര്‍ ജില്ലയിലെ ഖാഗ കോട്വാലി പ്രദേശത്തെ ഒരു ഗെസ്റ്റ്ഹൗസിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
വരന്‍ സുമിത് കേശര്‍വാനിയും വധുവും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കാണ്‍പൂരിലെ ആര്യസമാജ ചടങ്ങില്‍ വിവാഹം കഴിക്കാനായി മുമ്പ് ഒളിച്ചോടിയവരുമാണ്. വിവാഹത്തിന് വധുവിന്റെ കുടുംബം സമ്മതിച്ചതോടെ ഔപചാരികമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
പുലര്‍ച്ചെ വിവാഹചടങ്ങുകള്‍ നടന്നുക്കൊണ്ടിരിക്കുന്നതിനിടെ, വേദിക്ക് സമീപം വധുവിന്റെ വളര്‍ത്തുനായ ബഹളം വെച്ചു. ഇതില്‍ പ്രകോപിതനായ വരന്റെ ബന്ധുവായ യുവാവ് നായയെ ക്രൂരമായി അടിച്ചു. ഇത് വധുവിന്റെ ബന്ധുക്കള്‍ എതിര്‍ത്തു. വൈകാതെ വളര്‍ത്തുനായയെ ചൊല്ലിയുളള തര്‍ക്കം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ശാരീരികവും അക്രമാസക്തവുമായ സംഘര്‍ഷത്തിലേക്ക് നയിച്ചു.
വടിയും കസേരകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വധുവിന്റെ ബന്ധുക്കളില്‍ ചിലര്‍ക്ക് തലക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പൊലീസ് വിവാഹചടങ്ങുകള്‍ നിര്‍ത്തിവെച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സയും നല്‍കി തിരികെ വീട്ടിലേക്കയച്ചു. വ്യാഴാഴ്ച രണ്ട് കുടുംബങ്ങളും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചേരുകയും ചര്‍ച്ചകള്‍ക്കെടുവില്‍ വിവാഹവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വധു വ്യക്തമാക്കി. വിവാഹ ചടങ്ങുകളില്‍ നല്‍കിയ സമ്മാനങ്ങളും പണ കൈമാറ്റങ്ങളും തിരികെ നല്‍കി. ആരും പരാതി നല്‍കാത്തതിനാല്‍ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.