ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ; ശ്വാസം കിട്ടാതെ പിടഞ്ഞു, ചോര വാര്‍ന്നു; പൂര്‍ണഗര്‍ഭിണിയായ 29-കാരിയുടെ മരണം ചികിത്സ കിട്ടാതെയോ? പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത; സഹോദരന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ചതായി പരാതി. തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിദ (29) ആണ് മരിച്ചത്. യുവതിയുടെ മരണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. നൗഷിദയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്നാമത്തെ പ്രസവത്തിനായാണ് നൗഷിദയെ ഈ മാസം 16-ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 19-ാം തീയതി മുതല്‍ നൗഷിദ ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ യുവതിക്ക് പെട്ടെന്ന് ശ്വാസതടസ്സവും കടുത്ത രക്തസ്രാവവും അനുഭവപ്പെട്ടു. തുടര്‍ന്ന് നില വഷളായതോടെ കുഴഞ്ഞുവീണ നൗഷിദയെ വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നൗഷിദ മരണമടഞ്ഞിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ ആശുപത്രിയില്‍ എത്തിയ നൗഷിദയ്ക്ക്, അടിയന്തര സാഹചര്യത്തില്‍ ലഭിക്കേണ്ട പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ താലൂക്ക് ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ശ്വാസതടസ്സവും രക്തസ്രാവവും ഉണ്ടായ സമയത്ത് കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാട്. താലൂക്ക് ആശുപത്രിയില്‍ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നോ അതോ ആംബുലന്‍സില്‍ വെച്ചാണോ മരണം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നൗഷിദയുടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തൃത്താല പോലീസ് ആശുപത്രിയിലെ ചികിത്സാ രേഖകള്‍ പരിശോധിച്ചുവരികയാണ്. ഡോക്ടര്‍മാരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ പിഴവ് പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഈ സംഭവവും ഗൗരവകരമായാണ് അധികൃതര്‍ കാണുന്നത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. സഹോദരന്റെ പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് തന്നെ മരിച്ചിരുന്നോ ആംബുലന്‍സില്‍ വച്ചാണോ മരണം എന്നതില്‍ വ്യക്തതയല്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണം എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്തസ്രാവവത്തിനും ശ്വാസതടസ്സത്തിനും പ്രാഥമികമായി ലഭിക്കേണ്ട ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം.
