ഉത്സവത്തിനിടെ ബുള്ളറ്റില്ലാത്ത തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പട്ടികയ്ക്ക് തല അടിച്ചു തകര്‍ത്ത് എതിര്‍സംഘം; ആലപ്പുഴയില്‍ ഗുണ്ടാവിളയാട്ടം; തോക്ക് പിടിച്ചെടുത്ത് പൊലീസ്

Update: 2026-02-22 05:42 GMT

ആലപ്പുഴ: വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവിനെ എതിര്‍ ഗുണ്ടാസംഘമെത്തി മര്‍ദിക്കുകയായിരുന്നു. കൂട്ടത്തല്ലില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളജിലും പരുമല സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയില്‍ കഴിയുകയാണ്. തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം.

പുളിക്കീഴില്‍നിന്നും പല്ലനയില്‍നിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു ഇരുസംഘവും. വിഷ്ണു സജിന്‍ എന്നയാളിന്റെ പക്കല്‍ എയര്‍ ഗണ്ണുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ സജിന്‍ തോക്ക് ചൂണ്ടി. മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു. സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന സംഘമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

ബുള്ളറ്റില്ലാത്ത തോക്ക് ചൂണ്ടിയാണ് വിഷ്ണു മറ്റുള്ളവരെ ഭയപ്പെടുത്തിയത്. എന്നാല്‍ എതിര്‍ സംഘത്തിലുള്ളവര്‍ ഇത് തിരിച്ചറിഞ്ഞതോടെ വലിയ കൂട്ടത്തല്ലില്‍ സംഭവം കലാശിക്കുകയായിരുന്നു. എതിരെ നില്‍ക്കുന്നവര്‍ വിഷ്ണുവിന്റെ തല പട്ടികയ്ക്ക് അടിച്ചു തകര്‍ത്തു. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലിസ് പിടിച്ചെടുത്തു.

Similar News