രണ്ടാഴ്ച മുമ്പ് ആരംഭിച്ച ഹോട്ടല്‍; മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു; 600 രൂപയിലധികം രൂപയുടെ ബില്‍; പണം നല്‍കാതെ പോയത് ചോദ്യം ചെയ്തത് പ്രകോപനമായി; ജീവനക്കാരെ മര്‍ദ്ദിച്ചു; ഹോട്ടല്‍ തല്ലിത്തകര്‍ത്തു; മൂന്നംഗ സംഘത്തിനെതിരെ പരാതി

Update: 2026-02-22 07:26 GMT

കോഴിക്കോട്: ഭക്ഷണം കഴിച്ച പണം നല്‍കാതെ പോകാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു. ഹോട്ടല്‍ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുന്‍വശത്തെ അളിയന്‍സ് എന്ന ഹോട്ടലിലാണ് യുവാക്കളുടെ അതിക്രമം. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം ക്യാഷ് കൗണ്ടറിലിരുന്നയാള്‍ പണം ചോദിച്ചപ്പോഴാണ് ഇവര്‍ അക്രമാസക്തരായത്.

600 രൂപയിലധികം രൂപയുടെ ഭക്ഷണമാണ് മൂന്ന് പേരും കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. ഈ സമയത്ത് കൗണ്ടറില്‍ ഉണ്ടായിരുന്നയാള്‍ പണം നല്‍കാതെ ഇറങ്ങിപ്പോകാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെയാണ് യുവാക്കള്‍ പ്രകോപിതരാകുന്നത്. പിന്നീട് പുറത്തേക്ക് പോയി വടി അടക്കം എടുത്തുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഹോട്ടല്‍ ആരംഭിക്കുന്നത്. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തുന്നത്. മദ്യപിച്ചാണ് അക്രമികള്‍ ഭക്ഷണം കഴിക്കാനെത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

Similar News