ഭര്‍ത്താവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; പഞ്ചാബില്‍ നവവധുവിനെ വെടിവച്ച് കൊലപ്പെടുത്തി; പ്രദേശവാസികള്‍ നടുക്കത്തില്‍; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
അമൃത്സര്‍: പഞ്ചാബിലെ പാട്ടിയില്‍ വീടിന് പുറത്തിറങ്ങിയ നവവധുവിനെ അക്രമി വെടിവച്ചു കൊന്നു. പാട്ടിയിലെ ഗാര്‍ഡന്‍ കോളനിയില്‍ ശനിയാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ട് മാസം മുമ്പ് വിവാഹിതയായ റൂബിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാനത്തെ ക്രമസമാധാന നിലയെച്ചൊല്ലി വലിയ പ്രതിഷേധമാണ് ഉയരുന്നത്.
റൂബിയുടെ ഭര്‍ത്താവ് അന്‍ഷ് ഗ്രോവര്‍ വീടിന് പുറത്ത് സ്‌കൂട്ടറില്‍ ഇരിക്കുമ്പോള്‍ അവിടെയെത്തിയ അക്രമി അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ റൂബി ഇത് ചോദ്യം ചെയ്തതോടെ അക്രമി റൂബിയുടെ നേര്‍ക്ക് നിറയൊഴിച്ചു. വെടിയേറ്റ റൂബി നിലത്തുവീഴുന്നതും പരിഭ്രാന്തനായ അന്‍ഷ് അവിടെ നിന്നും ഓടിമാറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഗുരുതരമായി പരിക്കേറ്റ റൂബിയെ ഉടന്‍ തന്നെ പാട്ടിയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
യുവതിയെ വെടിവച്ചത് കരണ്‍ എന്നയാളാണെന്ന് പഞ്ചാബ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. വ്യക്തിവൈരാഗ്യമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.
അതിര്‍ത്തി മേഖലയായ ടാണ്‍ തരണ്‍ ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിവയ്പ്പുകള്‍ സാധാരണക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സര്‍പഞ്ചിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ നവവധു കൊല്ലപ്പെട്ടത് പോലീസിനും സര്‍ക്കാരിനും വലിയ തലവേദനയായിരിക്കുകയാണ്.