ഹോട്ടലിലെ സൗഹൃദം പ്രണയ ചതിയായി; വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ താമസിപ്പിച്ചു; രാത്രികളില്‍ ഫ്‌ലാറ്റിലെത്തിച്ച് പീഡനം! 17-കാരിയെ ഗര്‍ഭിണിയാക്കിയ തലശ്ശേരി സ്വദേശി പിടിയില്‍; പ്രതിക്ക് മറ്റ് സ്ത്രീകളുമായും ബന്ധമെന്ന് സൂചന
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി അയ്യന്‍കുന്ന് സ്വദേശി കല്ലുമ്മല്‍പുറത്ത് വീട്ടില്‍ അജില്‍ വിനോദിനെയാണ് (29) നടക്കാവ് പോലീസ് പിടികൂടിയത്. ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ സ്വന്തം താമസസ്ഥലത്തെത്തിച്ച് പീഡിപ്പിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് അശോകപുരത്തെ ഒരു ഹോട്ടലില്‍ ജീവനക്കാരനായിരുന്നു അജില്‍. ഹോട്ടലില്‍ സ്ഥിരമായി എത്തിയിരുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് സ്‌നേഹം നടിച്ച് സ്വന്തം ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവാവുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിക്ക് അരയിടത്തുപാലത്ത് താമസസൗകര്യം ഒരുക്കി നല്‍കി.
നാല് മാസത്തിന് ശേഷം പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് പോലീസിനെ വിവരമറിയിച്ചു. പീഡനം നടന്നത് നടക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറുകയായിരുന്നു.
നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ്, എസ്.ഐ. എന്‍. ലീല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച പാളയത്തെ ഒരു ലോഡ്ജില്‍ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.