'ഇപ്പം വരുമെടാ പോലീസ്, നീ നില്‍ക്ക്!' വാതില്‍പ്പിടി തിരിയുന്നത് കണ്ടതോടെ കള്ളനെ വിറപ്പിച്ച് വിരട്ടിയോടിച്ച് വീട്ടമ്മ; കമ്പിപ്പാരയുമായി വീട്ടില്‍ കയറിയ മോഷ്ടാവ് തോറ്റോടിയത് 65-കാരിയുടെ മനസാന്നിദ്ധ്യം; നെടുമ്പ്രത്ത് മോഷണ പരമ്പരയ്ക്കിടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Update: 2026-03-09 06:31 GMT

പത്തനംതിട്ട: ഇരുട്ടിന്റെ മറവില്‍ വീടുകള്‍ ലക്ഷ്യമിട്ടെത്തുന്ന മോഷ്ടാക്കളെ ഭയക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ആയുധങ്ങളുമായി വീട്ടില്‍ കയറിയ മോഷ്ടാവിനെ പതറാത്ത ആത്മവീര്യം കൊണ്ട് തുരത്തിയിരിക്കുകയാണ് 65-കാരിയായ വീട്ടമ്മ. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപമുള്ള മുക്കാട്ട് വീട്ടില്‍ എത്തിയ കള്ളനാണ് വീട്ടമ്മയായ സഫിയ നൗഷാദിന്റെ മനസാന്നിദ്ധ്യത്തിന് മുന്നില്‍ തോറ്റുമടങ്ങിയത്.

ഞായറാഴ്ച പുലര്‍ച്ചെ 2:20-ന് ഉറക്കം ഉണര്‍ന്ന സഫിയ കേട്ടത് താഴത്തെ നിലയിലെ അലമാരകള്‍ തുറക്കുന്ന ശബ്ദമാണ്. വീട്ടില്‍ തനിച്ചാണെന്ന ബോധ്യം ഭയപ്പെടുത്തുന്നതിന് പകരം അവരെ ജാഗരൂകയാക്കി. തന്റെ കിടപ്പുമുറിയുടെ വാതില്‍ കുറ്റിയടിച്ച ശേഷം ഉടന്‍ തന്നെ മകളെയും മരുമകനെയും വിവരമറിയിച്ചു. മരണനിഴല്‍ പോലെ തന്റെ കിടപ്പുമുറിയുടെ ഹാന്‍ഡില്‍ തിരിയുന്നത് കണ്ടിട്ടും സഫിയ പതറിയില്ല. 'ഇപ്പം വരുമെടാ പൊലീസ്, നീ നില്‍ക്ക്' എന്ന ആക്രോശം ഒരു വീട്ടമ്മയുടേതല്ല, മറിച്ച് അതിജീവനത്തിന്റെ കരുത്തായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ആ ഒറ്റ മുന്നറിയിപ്പില്‍ മോഷ്ടാവ് പിന്തിരിഞ്ഞു.

സഫിയ തനിച്ചാണ് താമസം. ഞായറാഴ്ച പുലര്‍ച്ചെ ഉണര്‍ന്നു. ഫോണില്‍ നോക്കിയപ്പോള്‍ സമയം 2.20. പത്തുമിനിറ്റോളം ഉറക്കം വരാതെ കിടന്നു. പുറത്ത് ചില ശബ്ദങ്ങള്‍ കേട്ടു. രണ്ട് നിലവീടിന്റെ മുകളിലത്തെ നിലയിലാണ് സഫിയ കിടന്നിരുന്നത്. താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടു. മോഷ്ടാവാണെന്ന് അപ്പോള്‍ തന്നെ മനസിലായി. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന മകളേയും മരുമകനേയും ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഉടനെ മുറിയിലെ എല്ലാ കുറ്റികളുമിട്ടു. മരുമകന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.

കിടന്നിരുന്ന ബെഡ്റൂമിന്റെ വാതിലിലെ ഹാന്‍ഡില്‍ തിരിയുന്നത് സഫിയ കണ്ടു. ഇപ്പം വരുമെടാ പൊലീസ്,നീ നില്‍ക്ക് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പിന്നെ പുറത്തെ അനക്കം കേള്‍ക്കാതായി. അരണമണിക്കൂറിനകം മകളും മരുമകനും പിന്നാലെ പൊലീസും സ്ഥലത്ത് എത്തി. അവര്‍ വന്നശേഷമാണ് മുറിയില്‍ സഫിയ പുറത്തേയ്ക്ക് ഇറങ്ങിയത്. താഴത്തെ അലമാരകള്‍ തുറന്ന നിലയിലായിരുന്നു. ഇവിടെ നിന്ന് കാര്യമായ വസ്തുക്കള്‍ മോഷണം പോയിട്ടില്ല.

ഞായറാഴ്ച അന്തിച്ചന്തയില്‍ ആറ്റുമാലില്‍ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. മുന്‍വാതിലാണ് കുത്തിത്തുറന്നത്. അന്തരിച്ച ന്യൂറോ സര്‍ജന്‍ ഡോ. സജീവ് തോമസിന്റെ വീടാണിത്. വീട് അടച്ചിട്ടിരിക്കുകയാണ്. സജീവ് തോമസിന്റെ വിദേശത്തുള്ള മക്കള്‍ എത്തുമ്പോള്‍ മാത്രമേ നഷ്ടപ്പെട്ടതെന്താണെന്ന് മനസിലാക്കാന്‍ കഴിയൂ.

സജീവ് തോമസിന്റെ വീടിന്റെ മുമ്പിലൂടെ മൂന്നു മണിയോടെ കമ്പിപ്പാരയും വെട്ടുകത്തിയുമായി നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ ലഭ്യമായിട്ടുണ്ട്. പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങി. നെടുമ്പ്രം ഭാഗത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്ത് കവര്‍ച്ച നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags:    

Similar News