ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം: നിവിന്‍ പോളിയ്ക്കും എബ്രിഡ് ഷൈനിനും ആശ്വസിക്കാം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി; സബ് കോടതി വിധി വരുന്നതിന് മുമ്പുള്ള പൊലീസ് അന്വേഷണം അനാവശ്യമെന്ന വാദം ശരിവച്ച് നടപടി

നിവിന്‍ പോളിക്ക് ആശ്വാസം; വഞ്ചനാക്കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Update: 2025-08-12 07:52 GMT

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ചേര്‍ന്ന് ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മ്മാതാവ് ഷംനാസ് സമര്‍പ്പിച്ച കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സബ് കോടതി വിധി വരുന്നതിന് മുമ്പുള്ള പൊലീസ് അന്വേഷണം അനാവശ്യമാണെന്ന് നിവിനും ഷൈനും കോടതിയില്‍ വാദിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇപ്പോള്‍ കേസ് അന്വേഷണം സ്റ്റേ ചെയ്തത്.

കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍മാതാവ് പി.എസ്. ഷംനാസിന്റെ പരാതിയില്‍ സംവിധായകന്‍ എബ്രിഡ് ഷൈനിനെതിരേയും നായകന്‍ നിവിന്‍ പോളിക്കെതിരേയും കേസെടുത്തിരുന്നു.

ആക്ഷന്‍ ഹീറോ ബിജു രണ്ടാംഭാഗം നിര്‍മിക്കുന്നതിന് കരാറിലേര്‍പ്പെട്ടശേഷം ചിത്രത്തിന്റെ പകര്‍പ്പവകാശം, നിര്‍മാതാവ് അറിയാതെ മറിച്ചുവിറ്റെന്നായിരുന്നു പരാതി. നിര്‍മാതാവും ഇന്ത്യന്‍ മൂവി മേക്കേഴ്സ് ഉടമയുമായ ഷംനാസ് നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം തലയോലപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

നിവിന്‍പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ എന്ന സിനിമ നിര്‍മിച്ചത് ഷംനാസും നിവിന്‍ പോളിയും ചേര്‍ന്നായിരുന്നു. ആ ചിത്രം സാമ്പത്തികമായി വിജയിക്കാഞ്ഞതിനെത്തുടര്‍ന്നാണ് അടുത്ത ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായി ഷംനാസിനെ പ്രതികള്‍ ഉള്‍പ്പെടുത്തിയതെന്നും പരാതിയിലുണ്ട്. ഫിലിം ചേമ്പറില്‍ തന്റെ പേരില്‍ രജിസ്റ്റര്‍ചെയ്തിരുന്ന സിനിമയുടെ പകര്‍പ്പവകാശം, താന്‍ അറിയാതെ വിദേശ കമ്പനിക്ക് വിറ്റത് വിശ്വാസവഞ്ചനയും ചതിയുമാണെന്നുകാട്ടി ഷംനാസ് കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച പ്രതികള്‍ക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോള്‍ തലയോലപ്പറമ്പ് പൊലീസ് ഷംനാദിന്റെ പരാതിയില്‍ അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും ഇരുവരും വാദിച്ചു. സബ് കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് തന്നെ അനാവശ്യമായാണ് പൊലീസ് അന്വേഷണമെന്നും നിവിന്‍ പോളിയും എബ്രിഡ് ഷൈനും കോടതിയില്‍ ഉന്നയിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ കേസ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്.

തലയോലപ്പറമ്പ് പൊലീസാണ് ഷംനാസ് എന്ന വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് കേസ് അന്വേഷണവുമായി മുന്നോട്ടുപോയത്. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ഷംനാസ്. വഞ്ചനയിലൂടെ തന്റെ പക്കല്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തെന്നാണ് ഷംനാസിന്റെ പരാതി. നിവിന്‍ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.

മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തില്‍ തന്നെ നിര്‍മ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും ഷംനാസിന്റെ പരാതിയില്‍ പറയുന്നു. കരാര്‍ തയ്യാറായതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉണ്ടായെന്നും ഇതേ തുടര്‍ന്ന് ഷംനാസിന്റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നുമാണ് ഷംനാസിന്റെ പരാതി. 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഷംനാസ് പരാതി നല്‍കിയത്.

Tags:    

Similar News