വയറിങ് പരിശോധിച്ചതില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത കുറവ്; അഗ്രശാലയിലെ തീയ്ക്ക് പിന്നില്‍ അട്ടിമറി സംശയം ശക്തം; സിസിടിവിയിലും ഒന്നും തെളിഞ്ഞില്ലേ? പാറമേക്കാവിലെ നവരാത്രി നൃത്തപരിപാടിയിലെ കത്തല്‍ ദുരൂഹമായി തുടരുമ്പോള്‍

പാറമേക്കാവ് ക്ഷേത്രത്തോട് ചേര്‍ന്ന അഗ്രശാല ഹാളിന്റെ മുകള്‍നിലയിലുണ്ടാ വന്‍ തീപിടിത്തത്തില്‍ ദുരൂഹത തുടരുന്നു

Update: 2024-10-09 01:36 GMT

തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തോട് ചേര്‍ന്ന അഗ്രശാല ഹാളിന്റെ മുകള്‍നിലയിലുണ്ടാ വന്‍ തീപിടിത്തത്തില്‍ ദുരൂഹത തുടരുന്നു. നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. തീയും പുകയും കണ്ട് പരിഭ്രാന്തരായ നര്‍ത്തകരും കാണികളുമടക്കം ഹാളില്‍ നിന്ന് പുറത്തേക്കോടി. ആര്‍ക്കും പരിക്കില്ല. പാലക്കാട് നവതരംഗം നൃത്തസംഘത്തിന്റെ പരിപാടി തുടങ്ങി രണ്ട് നൃത്തങ്ങള്‍ക്ക് പിന്നാലെയാണ് ഹാളിന്റെ മുകള്‍നിലയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.

തീപിടിത്തത്തിനു കാരണമായതു ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നാണു സൂചന. വയറിങ് സംവിധാനം പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം വ്യക്തമായതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ അട്ടിമറി ആണോ എന്ന സംശയം ബലപ്പെട്ടു. അഗ്രശാല ഹാളിലും പരിസരത്തും സിസിടിവി ഉള്ളതിനാല്‍ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പക്ഷേ തുമ്പൊന്നും കിട്ടിയില്ല. തൃശൂര്‍ പൂര അട്ടിമറി ചര്‍ച്ചയ്ക്കിടെയാണ് പാറമേക്കാവിലെ ഈ തീയെന്നതും ചര്‍ച്ചകള്‍ക്ക് പലവിധ മാനം നല്‍കുന്നു.

ഹാളിലെ കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനമടക്കം പൂര്‍ണമായി കത്തിനശിച്ചു. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്താണ് അരമണിക്കൂറില്‍ തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ അന്വേഷണം മുമ്പോട്ട് പോയിട്ടില്ല.

ഹാളിന്റെ താഴത്തെ നിലയിലാണ് നൃത്തപരിപാടി സംഘടിപ്പിച്ചിരുന്നത്. പൂരത്തിന്റെ സമയത്ത് പൂരക്കഞ്ഞി വിളമ്പാന്‍ എത്തിച്ച പാളപ്പാത്രങ്ങളില്‍ മിച്ചം വന്നവ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവയിലേക്ക് തീപടര്‍ന്നതോടെ ആളിക്കത്താന്‍ തുടങ്ങുകയും നര്‍ത്തകരുടെ ബാഗുകളടക്കം കത്തിനശിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആളുകളെ പൂര്‍ണമായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

നൃത്തപരിപാടി താഴത്തെ നിലയിലായിരുന്നെങ്കിലും മുകള്‍നിലയിലെ സ്റ്റേജിനു സമീപത്തായിരുന്നു ഗ്രീന്‍ റൂം പ്രവര്‍ത്തിച്ചിരുന്നത്.പാളകളില്‍ നിന്ന് എസി യൂണിറ്റിലേക്കു തീപടര്‍ന്നതോടെ ഹാളിലാകെ തീയാളി. നര്‍ത്തകരുടെ ബാഗുകളടക്കം കത്തിനശിച്ചു. ഈ ഭാഗത്ത് ആരുമില്ലാതിരുന്നതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. മൂന്ന് ഫയര്‍ എന്‍ജിനുകളില്‍ നിന്നു വെള്ളം പ്രവഹിപ്പിച്ചാണു തീ അണച്ചത്. തീ നിയന്ത്രണവിധേയമായതിനു ശേഷവും പുക ശമിച്ചിരുന്നില്ല.

Tags:    

Similar News