'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആരെയും വെറുതെ വിടില്ല; അരിയില്‍ ഷുക്കൂര്‍ ഈ ഭൂമുഖത്ത് ഇല്ല എന്നുള്ളത് മറക്കരുത്'; കൊലവിളി പ്രസംഗം നടത്തിയ സിപിഎം തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍; നടപടി ലീഗ് നേതാവിന്റെ പരാതിയില്‍

'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആരെയും വെറുതെ വിടില്ല; അരിയില്‍ ഷുക്കൂര്‍ ഈ ഭൂമുഖത്ത് ഇല്ല എന്നുള്ളത് മറക്കരുത്';

Update: 2024-12-28 01:28 GMT

പയ്യോളി: കൊലവിളി പ്രസംഗം നടത്തി സിപിഎം നേതാവിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു. കോഴിക്കോട് ജില്ലലയിലെ സി.പി.എം തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജു കളത്തിലിനെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തതത്. മുസ്ലീം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.പി. കുഞ്ഞമ്മദ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. ഡിസംബര്‍ 22ന് വൈകീട്ട് അഞ്ചരയോടെ പുതിയവളപ്പില്‍ നടന്ന സി.പി.എം പ്രതിഷേധ യോഗത്തിലാണ് ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്. സി.പി.എമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തിക്കോടി കുറ്റിവയലില്‍ സ്ഥാപിച്ച 24 പതാകകള്‍ നശിപ്പിച്ച സംഭവത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആരെയും വെറുതെ വിടില്ലെന്നും അരിയില്‍ ഷുക്കൂര്‍ ഈ ഭൂമുഖത്ത് ഇല്ല എന്നുള്ളത് മറക്കരുത് ' എന്നുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. തിക്കോടി പതിമൂന്നാം വാര്‍ഡിലെ പുതിയവളപ്പിലെ മുസ്ലീം ലീഗ് ഓഫിസ് പരിസരത്തായിരുന്നു പ്രതിഷേധ യോഗം. മൈക്ക് ഉപയോഗിക്കാതിരുന്നിട്ടും പ്രസംഗത്തിന്റെ വ്യക്തമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധ ജാഥയെ തുടര്‍ന്നുള്ള കവലയോഗത്തില്‍ വെച്ചായിരുന്നു ബിജുവിന്റെ കൊലവിളി പ്രസംഗം.

അറസ്റ്റ് ചെയ്ത ബിജുവിനെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം സി.പി.എമ്മിന്റെപതാക നശിപ്പിച്ച സംഭവത്തില്‍ പ്രദേശവാസികളായ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. ഇവര്‍ സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. പ്രദേശത്തെ വെല്ലുവിളികള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാനുള്ള മുന്‍കരുതലിലാണ് പോലീസ്.

Tags:    

Similar News