പരിചയം സൗഹൃദമായപ്പോള്‍ ഇടയ്ക്കിടെ ഒന്നുകൂടാന്‍ സാജന്‍ സാമുവല്‍ താമസ സ്ഥലത്തെത്തി; മദ്യപാനത്തിനിടെ തങ്ങളില്‍ ഒരാളെ കൊലപ്പെടുത്തുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തി; മൂലമറ്റത്ത് കുപ്രസിദ്ധ ഗൂണ്ടയുടെ കൊലയില്‍ കലാശിച്ച സംഭവങ്ങള്‍ ഇങ്ങനെ; നിര്‍ണായകമായത് മനുഷ്യന്റെ മുടിയാണോ പന്നിയുടെ രോമമാണോ എന്ന് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയം

സാജന്‍ സാമുവലിന്റെ കൊലപാതകത്തിന് പിന്നില്‍

Update: 2025-02-03 15:52 GMT

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് കേടായ പന്നിമാംസമെന്ന് പറഞ്ഞ് വഴിയരികില്‍ കുപ്രസിദ്ധ ഗുണ്ടയുടെ മൃതദേഹം തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ട മേലുകാവ് എരുമാപ്ര പാറശ്ശേരിയില്‍ സാജന്‍ സാമുവലിനെയാണ് (47) കൊന്ന് വഴിയിരികില്‍ തള്ളിയത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മേലുകാവ് സാജന്‍ സാമുവലിന്റെ മൂലമറ്റം കെ.എസ്.ഇ.ബി കോളനിക്കു സമീപം തേക്കിന്‍കൂപ്പിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

മൂന്നുദിവസം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. വായില്‍ തോര്‍ത്ത് തിരുകിയിരുന്നു. തലയിലും ശരീരമാസകലവും വലിയ മുറിവുകളുണ്ട്. ഇടതുകൈ നഷ്ടപ്പെട്ടിരുന്നു. കൈയും കാലും ഇലക്ട്രിക് കേബിളും തുണിയുമുപയോഗിച്ച് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു. മൃതദേഹം സാജന്‍ സാമുവലിന്റേതാണെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡി എന്‍ എ പരിശോധനയും നടത്തും.

ജനുവരി 30-ന് സാജനെ കാണാനില്ലെന്ന് പറഞ്ഞ് ഇയാളുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. സാജനെ പ്രതികളുടെ താമസസ്ഥലത്തുവെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിലവിലെ നിഗമനം. തുടര്‍ന്ന് മൃതദേഹം തേക്കിന്‍കൂപ്പ് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മൂലമറ്റം സ്വദേശികളായ ആറുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാരോണ്‍ ബെന്നി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കൊലയ്ക്ക് കാരണം എന്ത്?

കൊല്ലപ്പെട്ട സാജന്‍ ഇടുക്കി, എറണാകുളം ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നാട്ടുകാര്‍ക്ക് നേരേ വാഹനം ഓടിച്ചുകയറ്റിയതിനും തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തതിനും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. സ്ത്രീകളെ അപമാനിച്ചതിനും ഒട്ടേറെ കേസുകളുണ്ട്. ഇയാള്‍ക്കെതിരേ കാപ്പയും ചുമത്തിയിരുന്നു.

സാജനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവര്‍ നിര്‍മാണത്തൊഴിലാളികളാണ്. ഇവരും സാജനും തമ്മില്‍ പരിചയമുണ്ടായിരുന്നു. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് സാജന്‍ ഇടയ്ക്കിടെ വന്നിരുന്നു. ഒരുമിച്ചുള്ള മദ്യപാനത്തിനിടെ സാജന്‍ തങ്ങളില്‍ ഒരാളെ കൊലപ്പെടുത്തുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പ്രതികള്‍ പറയുന്നത്. ഇതിനാലാണ് തങ്ങളെല്ലാം ചേര്‍ന്ന് സാജനെ കൊലപ്പെടുത്തിയതെന്നും കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഓട്ടോ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി

സാജന്റെ തിരോധാനം പോലീസ് അന്വേഷിക്കവേ മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി. ജനുവരി 30ന് രാത്രി എരുമാപ്രയില്‍നിന്ന് കേടായ പന്നിമാംസമെന്ന് പറഞ്ഞ് തുണിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലെ ട്രാന്‍സ്‌ഫോര്‍മറിനു സമീപം ഇറക്കിയത്. ഇതില്‍ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം തന്റെ പിതാവിനോട് പറഞ്ഞു. പിതാവ് സംഭവം കാഞ്ഞാര്‍ എസ്.ഐ ബൈജു പി. ബാബുവിനെ അറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇവിടെ കുഴിച്ചിടാനായി കുഴിയെടുക്കാന്‍ ശ്രമം നടത്തിയതായും സൂചനയുണ്ട്. മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തി.

പ്രതികള്‍ വ്യാഴാഴ്ച രാത്രിയാണ് അവരുടെ താമസസ്ഥലത്തേക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതെന്ന് ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തി. 'ഫോണില്‍ വിളിച്ച് കുറച്ച് സിമന്റും ടാര്‍പ്പായയും വാങ്ങി താമസസ്ഥലത്തേക്ക് വരാനാണ് ആദ്യം ആവശ്യപ്പെട്ടത്. അന്ന് ഓട്ടം കുറവായതുകൊണ്ടും കൈയില്‍ പൈസയില്ലാത്തതിനാലും ഈ സാധനങ്ങളൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു. അതോടെ കേറിപ്പോരെ എന്ന് പറഞ്ഞു. പകുതി എത്തിയപ്പോള്‍ ഇപ്പോള്‍ വരേണ്ട, പിന്നെ വന്നാല്‍ മതി എന്നായി.


പിന്നീട് രാത്രി വിളിച്ച് കുറച്ച് ആക്രിസാധനം കൊണ്ടുപോകാനുണ്ടെന്ന് പറഞ്ഞു. വണ്ടിയുമായെത്തി. അപ്പോള്‍ ഒരാള്‍വന്ന് സംസാരിച്ചു. അയാള്‍ എന്നെ നിര്‍ബന്ധിച്ച് ചായ കുടിക്കാന്‍ കൊണ്ടുപോയി. പിന്നീട് തിരികെ എത്തിയപ്പോള്‍ ഓട്ടോയുടെ പിന്നില്‍ സാധനം കയറ്റിയിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ പന്നിയിറച്ചിയാണെന്നും വണ്ടിയിടിച്ച് ചത്ത പന്നിയാണെന്നും പറഞ്ഞു. ഇത് വണ്ടിയില്‍ കയറ്റാന്‍പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു.

ഏഴുപേരോളം വണ്ടിയില്‍ കയറി. മൂലമറ്റം ഭാഗത്തേക്ക് കൊണ്ടുപോയി. രണ്ടുപേര്‍ വഴിയിലിറങ്ങി. അതിലൊരാള്‍ 800 രൂപ ഓട്ടോക്കൂലി തന്നു. ശേഷം തേക്കിന്‍കൂപ്പിലെ ആളൊഴിഞ്ഞഭാഗത്തേക്ക് പോയി. അവിടെവെച്ച് സാധനം വണ്ടിയില്‍നിന്ന് വലിച്ചിറക്കി. കണ്ടപ്പോള്‍ ഭാരമുള്ള സാധനംപോലെ തോന്നി. അഞ്ചുപേര്‍ പിടിച്ചിട്ടും എടുക്കാന്‍ വയ്യായിരുന്നു. തുടര്‍ന്ന് വണ്ടി തിരിച്ച് പോകുന്നതിനിടെ ഹെഡ്ലൈറ്റിന്റെ വെട്ടത്തില്‍ മുടി പോലെ കണ്ടു. അത് മുടിയാണോ പന്നിയുടെ രോമമാണോ എന്ന സംശയമുണ്ടായി. ഇറക്കുമ്പോള്‍ അഴുകിയ മണമുണ്ടായിരുന്നു. വരുമ്പോള്‍ ഒരാള്‍ തിരികെ കൂടെവന്നു. സംശയം തോന്നിയതോടെ വീട്ടിലെത്തി അപ്പനോട് വിവരം പറഞ്ഞു. അപ്പന്‍ കാഞ്ഞാര്‍ എസ്.ഐ.യെ അറിയിച്ചു. വണ്ടി വിളിച്ചവര്‍ സ്ഥിരമായി ഓട്ടം വിളിക്കാറുള്ളവരാണ്. ഇടയ്ക്ക് അവരുടെ പണിസ്ഥലത്തേക്ക് വണ്ടി വിളിക്കാറുണ്ട്. ആ പരിചയത്തിലാണ് വിളിച്ചത്'', ഓട്ടോഡ്രൈവര്‍ പറഞ്ഞു.

2018 മേയില്‍ കോതമംഗലം മരിയ ബാറില്‍ വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ(27) കൊല ചെയ്ത കേസിലെ പ്രതിയാണ് സാജന്‍ സാമുവല്‍ എന്ന് പൊലീസ് പറഞ്ഞു. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് കത്തിക്കുത്ത് ഉണ്ടായത്. മുട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബാറിലും ഇയാള്‍ കത്തിക്കുത്തു നടത്തിയിട്ടുണ്ട്. ഈ കേസിലും വിചാരണ നടന്നുവരികയാണ്.

2022 ഫെബ്രുവരിയില്‍ മുട്ടം ബാറിനു സമീപം ഗതാഗത തടസ്സമുണ്ടാക്കി കാര്‍ പാര്‍ക്ക് ചെയ്ത സാജനോട് കാര്‍ മാറ്റിയിടാന്‍ നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ നേരെ കാര്‍ ഓടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയും കാറില്‍ നിന്നു തോക്കെടുത്ത് നാട്ടുകാരുടെ നേരെ നിറയൊഴിക്കുകയും ചെയ്തു. പരാതിക്കാരില്ലാത്തതിനാല്‍ കേസെടുത്തില്ല. 2022 ഓഗസ്റ്റില്‍ കാപ്പ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ പൊന്‍കുന്നം, മരങ്ങാട്ടുപിള്ളി, മേലുകാവ്, പാലാ, കാഞ്ഞിരപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം മൂവാറ്റുപുഴ എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ സാജന്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

Tags:    

Similar News