'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെത്തന്നെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കില്ലേ?'; ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ വയനാട് സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ സന്ദര്‍ശനം സര്‍ക്കാറിനുള്ള പി ആര്‍ ആക്കാന്‍ ഇറങ്ങിയ സഖാക്കള്‍ക്ക് പണി കിട്ടി!
'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെത്തന്നെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കില്ലേ....?
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനെത്തിയ നടന്‍ മമ്മൂട്ടി, തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു. താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും അതിനാല്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോടാണ് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. പടിഞ്ഞാറത്തറയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമായിരുന്നു മമ്മൂട്ടി കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ എത്തിയത്. അത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു. ആന്റോ ജോസഫ് അടക്കമുള്ളവര്‍ക്കൊപ്പം മമ്മൂട്ടി എത്തിയപ്പോള്‍ അത് സിപിഎം പി ആര്‍ ആക്കി മാറ്റാനാണ് സഖാക്കള്‍ ശ്രമിച്ചത്. ഈ ശ്രമത്തിനാണ് മമ്മൂട്ടിയുടെ വാക്കുകളില്‍ നിന്നും തിരിച്ചടിയേറ്റത്.
ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിലുടനീളം സിപിഎം ജില്ലാ സെക്രട്ടറി മമ്മൂട്ടിയെ അനുഗമിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം നിന്ന് 'താനാണ് മെഗാസ്റ്റാറിനെ എത്തിച്ചത്' എന്ന ഭാവത്തിലായിരുന്നു ഒപ്പം പറ്റി നടന്നത്. ഇതോടെ താന്‍ എത്തിയത് സിപിഎം താല്‍പ്പര്യത്താലാണോ എന്ന സന്ദേഹം ഉണ്ടാകുമോ എന്ന് മമ്മൂട്ടിക്ക് തന്നെ ആശങ്കയുണ്ടായി. ഇതോടെയാണ് അമര്‍ഷം തുറന്നുപറഞ്ഞത്.
'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി' എന്ന് മമ്മൂട്ടി നേരിട്ട് പറയുകയും ചെയ്തു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ ടൗണ്‍ ഷിപ്പ് കാണാനായി ഇന്ന് ഉച്ചയോടെയാണ് മമ്മൂട്ടി എത്തിയത്. അധികൃതരോട് കാര്യങ്ങള്‍ തിരക്കിയും വിദ്യാര്‍ത്ഥികളോട് അടക്കം കുശലം ചോദിച്ചതിനു ശേഷവുമാണ് മമ്മൂട്ടി വയനാട്ടില്‍ നിന്നും മടങ്ങിയത്. ഏതാനും ചില വീടുകളും താരം സന്ദര്‍ശിച്ചിരുന്നു.
മമ്മൂട്ടിയുടെ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ ഒരു സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നതെന്നും ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങളെ ചേര്‍ത്തുപിടിച്ചതാണ് ഇതെന്നും അഭിപ്രായപ്പെട്ട ശേഷമായിരുന്നു മമ്മൂട്ടി മടങ്ങിയത്.
'ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം. ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്ത് ഉണ്ടാക്കിയതാണ്. ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. കേരളത്തിലെ ജനങ്ങളില്‍ നിന്നും പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. കേരളത്തിന്റെ ഒരു സോഷ്യല്‍ കാപ്പിറ്റല്‍, സാമൂഹിക മൂലധനമാണ് ഈ കാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്', എന്നായിരുന്നു മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
ജനങ്ങള്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുമോ എന്ന് മമ്മൂട്ടിയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അത് അറിയില്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. അതിനിടെ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തിയ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. 'അതിജീവനത്തിന്റെ പുതുചരിത്രം രചിച്ചുകൊണ്ട് നാം പണിതുയര്‍ത്തിയ വയനാട് ടൗണ്‍ഷിപ്പ് ലോകമാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് പ്രിയ മമ്മൂട്ടി വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചിരിക്കുന്നു. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കരുത്തില്‍ പുതുജീവിതം ആരംഭിക്കാനിരിക്കുന്ന ടൗണ്‍ഷിപ്പ് നിവാസികള്‍ക്ക് വലിയ ആവേശം പകരുന്നതാണ് മമ്മൂട്ടിയുടെ സന്ദര്‍ശനം. ടൗണ്‍ഷിപ്പിന്റെ അടുത്ത ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചു മുന്നേറേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കാന്‍ പ്രചോദനവും പിന്തുണയും നല്‍കിയ മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ നന്ദി', എന്നാണ് മുഖ്യമന്ത്രി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്.
അതേസമയം മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിട്ടുണ്ട്. ടൗണ്‍ഷിപ്പ് പദ്ധതി സര്‍ക്കാറിന്റെ ഭരണനേട്ടമാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.
