11ാം പോയിന്റില്‍ മാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറി കാട്ടില്‍ കുഴിച്ചപ്പോള്‍ ഞെട്ടല്‍; മൂന്ന് മീറ്റര്‍ താഴ്ച്ചയില്‍ കണ്ടെത്തിയത് നിരവധി തലയോട്ടികളും അസ്ഥികൂടങ്ങളും; പക്ഷേ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാതെ എസ്‌ഐടി; ഒടുവില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം പുറത്തുവരുന്നു?

ഒടുവില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം പുറത്തുവരുന്നു?

Update: 2025-08-04 16:13 GMT

ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥലയിലെ കുഴിക്കലില്‍ ഇന്ന് ഞെട്ടിക്കുന്ന വഴിത്തിരുവുകള്‍. നേത്രാവതി നദിക്കരയിലെ കാട്ടില്‍ ഇതുവരെയായി നടന്ന കുഴിക്കലില്‍ ഏതാനും അസ്ഥികള്‍ മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ ഇന്ന് ഒറ്റ ദിവസംകൊണ്ട് നിരവധി തലയോട്ടികളും അസ്ഥിക്കൂടങ്ങളുമാണ് കണ്ടെത്തിയതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ശുചീകരണത്തൊഴിലാളി വെളുപ്പെടുത്തിയ കൂട്ടക്കുഴിമാടം ഇതാണെന്നാണ്, ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകര്‍ സംശയിക്കുന്നത്. എന്നാല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ( എസ്ഐടി) ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം മാത്രമല്ല, നേരത്തെ അസ്ഥി കിട്ടിയത് അടക്കമുള്ള ഒരുകാര്യവും അവര്‍ സ്ഥിരീകരിച്ചിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാല്‍ ഒരുകാര്യവും മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കേണ്ടതില്ല എന്ന നിലപാടിലാണ് എസ്ഐടി.

ശുചീകരണത്തൊഴിലാളിയുടെ മൊഴിയെ തുടര്‍ന്ന്, മാര്‍ക്ക് ചെയ്ത ഇടത്തില്‍നിന്ന് മാറിയാണ് ഇന്ന് തിരിച്ചില്‍ നടന്നത്. ഇന്ന് പതിനൊന്നാമത്തെ പോയിന്റിലാണ് തിരിച്ചില്‍ നടക്കേണ്ടത്. പക്ഷേ ഇവിടെനിന്ന് മീറ്ററുകള്‍ അകലെയാണ് പുതിയ പോയിന്റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്റ് കാണിച്ചുകൊടുത്തത്. ഇതോടെ ഡിസിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാടിനകത്ത് കയറി, കുഴിക്കലിന് നേതൃത്വം നല്‍കി. വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടക്കുന്ന കാടിനകത്തുണ്ട്.

തിരച്ചില്‍ നടക്കുന്ന ഭാഗം അളന്ന് അതിര് തിരിച്ചു കെട്ടിയിരിക്കുകയാണ്. സാക്ഷിയുടെയും അഭിഭാഷകന്റെയും സാനിധ്യത്തിലാണ് കുഴിക്കല്‍ നടക്കുന്നത്. ഇങ്ങനെ മൂന്ന് മീറ്റര്‍ കുഴിച്ചപ്പേഴാണ് നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് എന്നാണ് പറയുന്നത്. എസ്ഐടി ഇത് സ്ഥിരീകരിക്കുന്നില്ലെങ്കിലും, ചില കന്നഡ മാധ്യമങ്ങളും, ന്യൂസ് 18നും ഈ വിവരം വാര്‍ത്തയാക്കിയിട്ടുണ്ട്. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗങ്ങളും കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് സമ്മതിക്കുന്നുണ്ട്.

പരിശോധന തുടരും

മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. ശുചീകരണ തൊഴിലാളിയുടെ മൊഴി അനുസരിച്ച്, സൈറ്റ് നമ്പര്‍ 1ലും, 2ലും, 3ലും രണ്ടുവീതം മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 4 ഉം 5 ഉം സൈറ്റുകളില്‍ ഒരുമിച്ച് 6 മൃതദേഹങ്ങളുണ്ട്, 6, 7, 8 സൈറ്റുകളില്‍ ആകെ 8 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 9 ല്‍ 6 മുതല്‍ 7 വരെ മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 10 ല്‍ 3 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 11 ല്‍ 9 മൃതദേഹങ്ങളുണ്ട്.


 



സൈറ്റ് നമ്പര്‍ 12ല്‍ നാലോ അഞ്ചോ വരെ മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 13ല്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. പക്ഷേ ഈ കണക്കിന് അനുസരിച്ച് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭച്ചിട്ടില്ല. സൈറ്റ് നമ്പര്‍ 6ല്‍നിന്ന് ഒരു അസ്ഥികൂടം ലഭിച്ചിട്ടുണ്ട്. അതിനുശേഷം ഇപ്പോഴാണ് കൂടതല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടുന്നത്. ഇനി 11,12,13 സ്പോട്ടുകളില്‍ തിരിച്ചില്‍ നടത്താനുണ്ട്.

നേരത്തെ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞതായും വാര്‍ത്തകള്‍ വരുന്നുണ്ട്. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്. ഇന്ന് കിട്ടിയ അസ്ഥികൂടങ്ങളും അങ്ങോട്ടാണ് കൊണ്ടുപോകുന്നത്. ധര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ പരിസരത്തായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറോളം മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്.

Tags:    

Similar News