തിരുവള്ളൂരില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെ ട്രാക്കില്‍ വിള്ളല്‍; ഗുഡ്‌സ് ട്രെയിന്‍ തീപ്പിടിത്തത്തില്‍ അട്ടിമറി സംശയിച്ച് റെയില്‍വേ; അന്വേഷണം തുടങ്ങി; അപകടസമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ പോയ മംഗളൂരു മെയില്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മംഗളൂരു മെയില്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-07-13 10:02 GMT

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരില്‍ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വന്‍ അപകടമുണ്ടായത് അട്ടിമറിയെന്ന് സംശയം. അപകടം നടന്ന സ്ഥലത്തിന് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടം അട്ടിമറിയാണോ എന്ന സംശയം ഉയര്‍ത്തുന്നത്. ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിന് പിന്നാലെയാണ് തീപ്പിടിച്ചത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, അപകടകാരണത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 5.30ന് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായി എഗട്ടൂരിലാണ് അപകടമുണ്ടായത്. ചെന്നൈ എന്നോറില്‍ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന്റെ നാല് വാഗണുകള്‍ക്കാണ് തീപിടിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റര്‍ അകലെയായി ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതാണ് അട്ടിമറി സംശയത്തിന് കാരണം.

ട്രെയിന്‍ പാളംതെറ്റിയതിന് നൂറു മീറ്റര്‍ പരിധിയില്‍വെച്ചാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വിള്ളല്‍മൂലമാണ് ട്രെയിനിന്റെ മൂന്ന് വാഗണുകള്‍ പാളംതെറ്റിയതെന്നാണ് വിവരം. തുടര്‍ന്ന് ഡീസല്‍ ചോര്‍ച്ച ഉണ്ടാവുകയായിരുന്നു. റെയില്‍വേ നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെതന്നെ പാളത്തില്‍ വിള്ളല്‍ ഉണ്ടായിരുന്നോ എന്ന കാര്യവും റെയില്‍വെ പരിശോധിക്കുന്നുണ്ട്. അപകടസമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ മംഗളൂരു മെയില്‍ പോകുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഈ തീവണ്ടി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തുകയാണ്.45 ടാങ്കര്‍ (27000 ലിറ്റര്‍) ക്രൂഡ് ഓയിലാണ് ട്രെയിനിലുണ്ടായിരുന്നത്. ഒരു ടാങ്കറില്‍ തീപിടിത്തമുണ്ടായതിനുശേഷം മറ്റുള്ളവയിലേയ്ക്ക് വ്യാപിക്കുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ ട്രെയിനില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

തുടര്‍ന്ന് ചെന്നൈ-അരക്കോണം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവള്ളൂര്‍ വഴിയുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കി. അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. എട്ട് ട്രെയിനുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു.അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 70 ശതമാനത്തോളം തീ അണച്ചതായി തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ എം പ്രതാപ് അറിയിച്ചിരുന്നു. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടം നടന്ന രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു.

Tags:    

Similar News