ബെംഗളൂരുവിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവിന്റെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമം; ട്രാഫിക്ക് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
യുവാവിന്റെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമം; ട്രാഫിക്ക് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: ബെംഗളൂരുവിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവിന്റെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എസ്.െഎ.ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.െഎ. എന്‍.പി.ജയകുമാറിനെയാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ബെംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവാവിന്റെ ബാഗ് തട്ടിയെടുക്കാന്‍ എസ്‌ഐ പിടിവലി നടത്തുക ആയിരുന്നു.
കുടുക്കിമെട്ട സ്വദേശി അമലാണ് എസ്‌ഐയുടെ അതിക്രമത്തിന് ഇരയായത്. കഴിഞ്ഞമാസം ബെംഗളൂരുവില്‍ ജോലിക്ക് പോകാനായി അമലും യാത്രയയക്കാനെത്തിയ പിതാവും കുടുക്കിമെട്ട സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് സംഭവം. അതിനിടയില്‍ കണ്ണൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍നിന്ന് രാത്രി 9.30-ഓടെ ഡ്യൂട്ടികഴിഞ്ഞ് എസ്.െഎ. ജയകുമാര്‍ അവിടെ ബസിറങ്ങി. പിന്നീട് ബസ്സ്റ്റോപ്പില്‍ ചെന്നിരുന്നു.
തൊട്ടടുത്ത് ഇരിക്കുകയായിരുന്ന അമലിന്റെ കൈയിലുണ്ടായിരുന്ന ബാഗ് തന്റേതാണെന്ന് പറഞ്ഞ് എസ്.െഎ. പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. അതോടെ ബാഗിനായി ഇരുവരും പിടിവലിയായി. ഭയന്നു പോയ അമലിന്റെ പിതാവ് ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവിന്റെ പിതാവിനെ പോലീസുദ്യോഗസ്ഥന്‍ തള്ളിയിട്ടു. പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ബെംഗളൂരുവിലേക്കുള്ള ബസ് എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥനില്‍നിന്ന് യുവാവ് ബാഗ് ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി ബസില്‍ ചാടിക്കയറി രക്ഷപ്പെട്ടു.
എന്നാല്‍ പിടിവലിയുടെ ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തൊട്ടടുത്ത ദിവസം യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി. തുടര്‍ന്ന് കണ്ണൂര്‍ എ.സി.പി. ടി.കെ.രത്‌നകുമാര്‍ നടത്തിയ അന്വേഷണത്തില്‍ എസ്.െഎ. തെറ്റ് ചെയ്തതായി ബോധ്യപ്പെട്ടു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യം ഉള്‍പ്പെടെ പരിശോധിച്ച് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് എസ്.െഎ.യെ സസ്‌പെന്‍ഡ് ചെയ്തത്.